കോഴിക്കോട്: ലോക്ഡൗണിനെ തുടര്‍ന്നു പൂട്ടിയ സംസ്ഥാനത്തെ മദ്യശാലകളുടെയും ഔട്ട്ലെറ്റുകളുടെയും “പൂട്ട്’’ നിരീക്ഷിക്കാന്‍ എക്സൈസ്.
ലോക്ഡൗണിന്റെ മറവില്‍ ബിവറേജസ് കോര്‍പറേഷന്റെ വെയര്‍ ഹൗസില്‍ മോഷണം നടന്ന സാഹചര്യത്തിലാണ് മദ്യശാലകള്‍ തുറക്കുമ്പോള്‍ സീല്‍ ചെയ്ത പൂട്ടുകള്‍ വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചത്.
പൂട്ടുകളില്‍ കൃത്രിമം കണ്ടാല്‍ സ്റ്റോക്ക് പരിശോധിക്കും. നേരത്തേ തയാറാക്കിയ കണക്കുകളിലുള്ള മദ്യത്തിന്റെ എണ്ണത്തില്‍ കുറവുണ്ടെങ്കില്‍ അന്വേഷണം നടത്താനുമാണ് തീരുമാനം.
കഴിഞ്ഞ ലോക്ഡൗണില്‍ കോഴിക്കോട്ടെ ബിവറേജസ് ഔട്ട്ലെറ്റില് നിന്നു ജീവനക്കാരന് മദ്യം മോഷ്ടിച്ചിരുന്നു. ഇത്തരത്തിലുള്ള തിരിമറികള്‍ നടന്നിട്ടുണ്ടോയെന്ന് വിശദമായി പരിശോധിച്ചുറപ്പുവരുത്താനാണ് എക്സൈസ് തീരുമാനിച്ചത്.
ലോക്ഡൗണിനു മുന്നോടിയായി സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്ലെറ്റുകളിലെയും വെയര്‍ ഹൗസുകളിലെയും ബാറുകളിലെയും മദ്യത്തിന്റെ കണക്ക് എക്സൈസ് ശേഖരിച്ചിട്ടുണ്ട്.
തുടര്‍ന്നാണ് പൂട്ടിനു മുകളില്‍ അരക്കുപയോഗിച്ച് സീല്‍ ചെയ്തത്. അതത് സ്ഥലങ്ങളിലെ എക്സൈസ് ഇന്സ്പക്ടര്മാരാണ് ഇപ്രകാരം മദ്യശാലകള്‍ക്കു പൂട്ടിട്ടത്.
ഇതേ ഇന്‍സ്പക്ടര്‍മാര്‍ തന്നെയാണ് ഇവ തുറക്കാനായി എത്തുക. നേരത്തേയും മദ്യശാലകള്‍ അടച്ചിടേണ്ടി വന്നതിനു ശേഷം തുറന്നപ്പോള്‍ ഇത്തരത്തിലുള്ള പരിശോധന നടന്നിരുന്നു.
എന്നാല്‍ ഇത്തവണ കുറ്റമറ്റ രീതിയില്‍ പരിശോധന നടത്താനാണ് എക്സൈസ് തീരുമാനിച്ചത്.
നിലവില്‍ മദ്യശാലകള്‍ക്കും ഗോഡൗണുകള്‍ക്കും എക്സൈസ് നിരീക്ഷണം ശക്തമാണ്. രാത്രിയിലും പകലും ഈ മേഖലകളില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഉത്തരമേഖലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ നൂഹ് മാന്‍ ദീപികയോട് പറഞ്ഞു. ഇതിനു പുറമേ ലോക്കല്‍ പോലീസും നിരീക്ഷിക്കുന്നുണ്ട്.