ഹൂസ്റ്റണ്‍: കഴിഞ്ഞ മുപ്പത് വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍ പോലും സംഭവിച്ചിട്ടില്ലാത്ത വിധം അതിശൈത്യം രൂപപ്പെടുന്നതിനാല്‍ ഫെബ്രുവരി 14 ഞായര്‍ മുതല്‍ 16 ചൊവ്വാഴ്ച വരെ വീടുകളില്‍ തന്നെ കഴിയുന്നതാണ് സുരക്ഷിതമെന്ന് ഫെബ്രുവരി 12-ന് വെള്ളിയാഴ്ച ഹൂസ്റ്റണ്‍ മേയര്‍ സില്‍വെസ്റ്റര്‍ ടര്‍ണറും, ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡന്‍ഗോയും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്കി.
ഇത്തരം കാലാവസ്ഥയെ പ്രതിരോധിക്കുന്നവിധത്തിലുള്ളതല്ല നമ്മുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നും ഇവര്‍ പറഞ്ഞു. ഐസ്, സ്നോ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ മരങ്ങള്‍ ഒടിഞ്ഞുവീണ് പവര്‍ലൈനുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിനും, റോഡില്‍ ഐസ് രൂപപ്പെടുന്നതിനും സാധ്യത വളരെ കൂടുതലാണ്.
ഭവനരഹിതരെ അതിശൈത്യത്തില്‍ നിന്നു രക്ഷിക്കുന്നതിന് ജോര്‍ജ് ആര് ബ്രൗണ്‍ കണ്വന്ഷന് സെന്റര്‍ വാമിംഗ് സെന്ററായി മാറ്റിയിട്ടുണ്ടെന്നും, സിറ്റിയുടെ പല സ്ഥലങ്ങളിലും ഇത്തരം സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച കാലാവസ്ഥ മോശമല്ലാത്തതിനാല്‍ വീടുകളിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും, അത്യാവശ്യ സാധനങ്ങളും വാങ്ങിവയ്ക്കണമെന്നും ഹൂസ്റ്റണ്‍ ജനതയോട് മേയറും, ജഡ്ജിയും ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്