സഹോദരങ്ങളില്ലാത്ത ജീവിതം അങ്ങനെ ജീവിക്കുന്നവർക്കേ അറിയൂ. മിക്കവർക്കും കളിചിരികൾ കുറഞ്ഞ ഒരു ബാല്യം ഓർമയിലുണ്ടാവും.
മാതാപിതാക്കളുടെ കണ്വെട്ടത്തുനിന്നു മാറാൻ തരമില്ലാതെ പുസ്തകം വായിച്ചും പടംവരച്ചും കഴിഞ്ഞ കുട്ടിക്കാലം.
അതവരുടെ ജീവിതത്തെ മൊത്തമായും സ്വാധീനിക്കും- നല്ലവിധത്തിലായാലും മോശം വിധത്തിലായാലും!
ഒരുപാടും സ്നേഹമുള്ളവരും ആ സ്നേഹം പുറമേക്കു കാണിക്കാത്തവരുമാകും അവർ ചിലപ്പോൾ. തീരുമാനങ്ങൾ എടുക്കുന്നതിൽ ആശങ്കകളുള്ളവരാകും.
സുഹൃത്തുക്കൾക്കുവേണ്ടി ജീവൻ കൊടുക്കുന്നവരുമാകും. അതിനൊപ്പം വേണ്ടവിധം മനസിലാക്കപ്പെടാതെ പോകുന്നവരും.
ആൻഡി നബിലിന്റെ ജീവിതം
മുകളിൽ കണ്ടതുപോലൊരു ഒറ്റപ്പുത്രനായിരുന്നു ആൻഡി നബിൽ. ടിക് ടോക്കിൽ അല്ലറചില്ലറ തമാശകളുമായി കഴിഞ്ഞിരുന്ന യുവാവ്. താൻ ഒറ്റയ്ക്കാണല്ലോ എന്ന ചെറിയൊരു വിഷാദം അയാളെ ഇടയ്ക്കിടെ അലട്ടിയിരുന്നു.
അങ്ങനെയിരിക്കെ പടിഞ്ഞാറ് ടിക് ടോക്കിൽ പുതിയൊരു ട്രെൻഡ് വന്നു. മറ്റൊന്നുമല്ല, ജീവിതത്തിൽ തങ്ങൾ സ്വയം കണ്ടെത്തിയ ഏറ്റവും അത്ഭുതകരമായ കാര്യം പങ്കുവയ്ക്കുന്ന ട്രെൻഡ്. ഡിഎൻഎ ടെസ്റ്റ് ആയിരുന്നു അതിന്റെ അടിസ്ഥാനം.
നമുക്ക് ഡിഎൻഎ ടെസ്റ്റ് എന്നു കേട്ടാൽ അല്പം അവിഹിതം മണക്കും. ഇവിടെ പിതൃത്വം തെളിയിക്കാനാണല്ലോ ആ പരിശോധന നടത്തുക പതിവ്.
എന്നാൽ ബ്രിട്ടനിലെ ഈ ടിക് ടോക് ട്രെൻഡിന് അടിസ്ഥാനമായ ഡിഎൻഎ ടെസ്റ്റ് വംശപരന്പരകളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനായിരുന്നു.
ആൻഡിയിലേക്കു തിരിച്ചുവരാം. അയാൾ കഴിഞ്ഞ വർഷം ഡിസംബറിൽ ഈ ഡിഎൻഎ ടെസ്റ്റ് നടത്തി. വളരെ വിചിത്രമായ ഫലമാണ് ആൻഡിക്കു കിട്ടിയത്. എന്തായിരുന്നു അത്? നോക്കാം.
അതിനു മുന്പ് ഒരു കാര്യംകൂടി അറിയണം. തനിക്ക് ഇംഗ്ലീഷ്, ഫ്രഞ്ച് വേരുകളാണ് ഉള്ളതെന്ന് ആൻഡിയുടെ പിതാവ് മുന്പ് പറഞ്ഞിരുന്നു.
ഇനിയാണ് ഡിഎൻഎ ഫലം കാണേണ്ടത്. ആൻഡിയുടെ വംശപരന്പരയുടെ വേരുകൾ ഇംഗ്ലണ്ടിലോ ഫ്രാൻസിലോ എന്നതിനേക്കാൾ അയർലൻഡിലാണ് എന്ന് വെളിപ്പെടുത്തി ആ ഫലം!