ബംഗളൂരു: ബംഗളൂരുവിനടുത്ത് കോലാർ ജില്ലയിലെ നരസപുരയിലുള്ള ഐഫോൺ ഫാക്ടറിയിൽ ജീവനക്കാരുടെ അക്രമം. ശന്പളവുമായി ബന്ധപ്പെട്ട തർക്കമാണ് ഇന്നലെ രാവിലെ ഒരുവിഭാഗം ജീവനക്കാരെ പ്രകോപിതരാക്കിയത്.
രാത്രി ഷിഫ്റ്റിലുണ്ടായിരുന്ന ജീവനക്കാർ ഓഫീസിനുനേരെ കല്ലെറിയുകയും കന്പനിയുടെ വാഹനങ്ങൾക്ക് തീവയ്ക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ലാത്തിച്ചാർജ് നടത്തിയാണ് പ്രതിഷേധക്കാരെ തുരത്തിയത്.
സ്ഥാപനത്തിലെ ഭൂരിപക്ഷം വരുന്ന കരാർ ജീവനക്കാർക്ക് മാസങ്ങളായി ശന്പളം മുടങ്ങിക്കിടക്കുകയാണെന്നും ഇതിനുപുറമെ ശന്പളം വെട്ടിക്കുറയ്ക്കുകകൂടി ചെയ്തതോടെയാണ് അവർ പ്രകോപിതരായതെന്നും ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു.
അമേരിക്കയിലെ ആപ്പിൾ കന്പനിക്കുവേണ്ടി ഐഫോൺ നിർമിച്ചുനൽകുന്ന തായ്വാനീസ് ടെക് കന്പനിയായ വിസ്ട്രൻ ഇൻഫോകോം സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
എന്നാൽ, സംഭവത്തെ ശക്തമായി അപലപിക്കുകയാണെന്നും സംരംഭകരെ നിക്ഷേപം നടത്തുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്ന നടപടിയാണിതെന്നും കർണാടക ഉപമുഖ്യമന്ത്രി ഡോ.സി.അശ്വത് നാരായൺ പ്രതികരിച്ചു.
ബംഗളൂരു നഗരത്തിൽനിന്ന് 60 കിലോമീറ്റർ അകലെയുള്ള നരസപുരയിലെ വ്യവസായ മേഖലയിൽ 43 ഏക്കർ സ്ഥലത്തായാണ് രണ്ടുവർഷം മുന്പ് ഐഫോൺ ഫാക്ടറി പ്രവർത്തനമാരംഭിച്ചത്.
2900 കോടി നിക്ഷേപിക്കുമെന്നും 10,000 പേർക്ക് തൊഴിൽ നൽകുമെന്നായിരുന്നു വിസ്ട്രൻ കന്പനി സർക്കാരിന് നൽകിയ വാഗ്ദാനം. നിലവിൽ 2000 പേരാണ് സ്ഥാപനത്തിൽ ജോലിചെയ്യുന്നത്.
പുതിയ സാഹചര്യത്തിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിൽനിന്ന് കന്പനി പിന്തിരിയുമെന്നാണ് സൂചന.