മങ്കൊമ്പ്: മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ബി. മനോജ്കുമാറിനെ കാവാലത്തിന്റെ സ്വന്തം വില്ലേജ് ഓഫീസറെന്നാണ് നാട്ടുകാര്‍ വിശേഷിപ്പിക്കുന്നത്.
സാധാരണക്കാര്‍ക്കു പരമാവധി സേവനങ്ങളെത്തിക്കുന്ന നല്ലൊരു സര്ക്കാരുദ്യോഗസ്ഥനെന്നതിനുപരി നാടിന്റെ വികസനവിഷയങ്ങളില്‍ കാട്ടുന്ന താത്പര്യമാണ് മനോജിനെ നാട്ടുകാര്‍ക്കു പ്രിയങ്കരനാക്കുന്നത്.
സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപനങ്ങളിലൊതുങ്ങാതെ കുട്ടനാട്ടിലെ സാധാരണക്കാരുടെ അതിജീവനത്തിനുതകുംവിധം യാഥാര്‍ഥ്യമാകണമെന്ന ആഗ്രഹത്തോടെയാണദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നാണ് സഹപ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തുന്നത്.
നിയന്ത്രിതപമ്പിംഗുപോലുള്ള പദ്ധതികള്ക്കനുകൂലമായി വില്ലേജ് ഓഫീസറെന്ന നിലയില്‍ നല്കിയ റിപ്പോര്‍ട്ടുകളും മറ്റും ഉദാഹരണമായവര്‍ എടുത്തുകാട്ടുന്നു.
ഇക്കഴിഞ്ഞ നവംബറില്‍ എസി റോഡുള്‍പ്പെടെ കുട്ടനാട്ടിലെ മിക്കവാറും എല്ലാ റോഡുകളും വെള്ളത്തിലായപ്പോഴും കാവാലം പ്രദേശത്തെ പാടശേഖരങ്ങളില്‍ പമ്പിംഗ് നടത്തി റോഡുഗതാഗതം മുടങ്ങാതെ സംരക്ഷിച്ചതും മറ്റും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
പാടശേഖരബണ്ടുകള് ബലപ്പെടുത്തി ആര്ബ്ലോക്ക്മോഡല് നിയന്ത്രിതപമ്പിംഗിലൂടെ വെള്ളക്കെട്ടുദുരിതങ്ങള് പരിഹരിക്കണമെന്നും പുരയിടങ്ങളിലൂടെ മാത്രം റോഡുനിര്മിക്കുന്നതു പ്രായോഗികമല്ലാത്തതിനാല്‍ തണ്ണീര്‍ത്തടനിയമത്തിന്റെ പേരില്‍ മുടങ്ങിക്കിടക്കുന്ന ട്രാക്ടര്റോഡുകളുടെ കാര്യം പുനഃപരിശോധിക്കണമെന്നുമൊക്കെ ശിപാര്‍ശചെയ്തുകൊണ്ട് ഇദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളും ശ്രദ്ധനേടിയിരുന്നു.
കാവാലം വില്ലേജിലെ കിഴക്കേ ചേന്നംകരിയില്‍ ഉമ്മാച്ചേരി പരേതരായ ഭാസ്കരന്-മീനാക്ഷി ദമ്പതികളുടെ നാലാമത്തെ മകനായ മനോജ്,
കാവാലം ലിറ്റില്‍ഫ്ലവര്‍ ഹൈസ്കൂളിലാണ് പഠിച്ചത്. 2001ല്‍ സര്‍വീസില്‍ കയറിയ മനോജിന് 2017ല്‍ കാസര്‍ഗോഡ് ജോലി ചെയ്യുമ്പോഴും മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
2019 ഓഗസ്റ്റിലാണ് കാവാലം വില്ലേജില്‍ ചുമതലയേറ്റത്.