ആലുവ: മയക്കുമരുന്നു കൈമാറാൻ ആലുവ മണപ്പുറത്തെത്തിയ സർക്കാർ ജീവനക്കാരനെയും ദമ്പതികളെയും എക്സൈസ് അറസ്റ്റ് ചെയ്തു.
ആമ്പല്ലൂരിൽ വാടകയ്ക്കു താമസിക്കുന്ന കോട്ടയം മുണ്ടക്കയം കൊല്ലംപറമ്പിൽ പ്രണവ് പൈലി (23), ഭാര്യ പാലക്കാട് കഞ്ചിക്കോട് ഐടിഐ ഹിൽവ്യു നഗറിൽ താമസിക്കുന്ന കസ്തൂരി മണി (27), സർക്കാർ ജീവനക്കാരനായ ഇടുക്കി നെടുങ്കണ്ടം ആശാരിക്കണ്ടം കൊച്ചുകരോട്ട് മാർവിൻ ജോസഫ് (23) എന്നിവരാണ് പിടിയിലായത്.
മാർവിൻ ജോസഫ് തൃശൂർ പൂങ്കുന്നത്ത് സാമൂഹ്യ ക്ഷേമവകുപ്പ് ഓഫീസിലെ ക്ളർക്കാണ്. 2015ൽ ദേശീയ ഗെയിംസിൽ ജൂഡോയിൽ വെങ്കല മെഡൽ ലഭിച്ച മാർവിനു സ്പോർട്ട്സ് ക്വാട്ടയിലാണ് ജോലി ലഭിച്ചത്.
മൂന്നാറിൽ നഴ്സായിരുന്ന പ്രണവ് തന്നേക്കാൾ പ്രായം കൂടിയ സഹപ്രവർത്തക കസ്തൂരി മണിയെ വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് ആമ്പല്ലൂരിലെ എറണാകുളം സ്വദേശി ജോർജ് എന്നയാളുടെ കൃഷിത്തോട്ടത്തിലെ ജീവനക്കാരനായി.
നെടുങ്കണ്ടം വിവിഎച്ച്എസ് സ്കൂൾ കാലം മുതൽ പ്രണവ് പൈലിയുമായി മാർവിനു പരിചയമുണ്ട്. ഇന്നലെ പുലർച്ചെയാണ് പ്രതികളെ പിടികൂടിയത്.
ഇവരിൽനിന്ന് 20 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. പ്രതികൾ സഞ്ചരിച്ച ആഢംബര കാറും കസ്റ്റഡിയിലെടുത്തു. മാർവിന്റെ സുഹൃത്തിന്റേതാണ് കാർ. ഈ കേസിൽ 20 വർഷം വരെ തടവുശിക്ഷ ലഭിക്കാം.
കഴിഞ്ഞ 26ന് അഖിൽ എന്ന് പരിചയപ്പെട്ട നെടുമ്പാശേരി സ്വദേശിയിൽനിന്നു 38,000 രൂപയ്ക്കു വാങ്ങിയ മയക്കുമരുന്നാണ് കൈവശമുണ്ടായിരുന്നതെ ന്നാണു പ്രതികൾ പറയുന്നത്.
പ്രണവാണ് മയക്കുമരുന്ന് കടത്താനായി ഭാര്യയെയും മാർവിനെയും സഹായത്തിനു കൂട്ടിയത്.
പ്രതികൾ പലവട്ടം മയക്കുമരുന്ന് കടത്തിയിട്ടുണ്ടെങ്കിലും പിടിയിലാകുന്നത് ആദ്യമായിട്ടാണ്.
അങ്കമാലി, കാലടി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ മയക്കുമരുന്ന് വില്പന നടത്തിയിരുന്നതെന്ന് എക്സൈസ് പ്രിവന്റീവ് ഓഫീസർ അനിൽകുമാർ പറഞ്ഞു.