അമ്പലപ്പുഴ: ആശുപത്രി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ അറ്റന്ററെ ജോലിയിൽനിന്നു പുറത്താക്കി.
മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് വാർഡിൽ എൻഎച്ച് എം ഗ്രേഡ്-2 അറ്റന്ററായി ജോലി ചെയ്തിരുന്ന ആളെയാണ് ജീവനക്കാരിയുടെ പരാതിയിൽ ആശുപത്രി സൂപ്രണ്ട് ഡോ.ആർ.വി. രാംലാൽ ജോലിയിൽനിന്ന് നീക്കിയത്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് 1.30 ന് എച്ച് -1, എച്ച് -2 ബ്ലോക്കിലെ ലിഫ്റ്റിലായിരുന്നു സംഭവം.
പത്താം വാർഡിലെ അറ്റന്ററായ ഇയാൾ ഡ്യൂട്ടിക്കെത്തുന്നതിനായി ലിഫ്റ്റിൽ കയറുമ്പോൾ, ഇതേ ലിഫ്റ്റിലുണ്ടായിരുന്ന ജീവനക്കാരിയോട് മോശമായി പെരുമാറുകയായിരുന്നു. ഈ സമയം മറ്റൊരു ജീവനക്കാരനും ലിഫ്റ്റിലുണ്ടായിരുന്നു.
യുവതി നൽകിയ പരാതി സൂപ്രണ്ട് അമ്പലപ്പുഴ പോലീസിനു കൈമാറിയ ശേഷം ഇന്നലെയാണ് ഇയാളെ പുറത്താക്കിയത്.
ലിഫ്റ്റിൽ ഉണ്ടായിരുന്ന ജീവനക്കാരൻ ഇരയ്ക്ക് അനുകൂലമായി മൊഴി നൽകിയതിനെ തുടർന്നാണ് നടപടി. പോലീസ് തുടർ അന്വേഷണം നടത്തി ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് സുപ്രണ്ട് പറഞ്ഞു.