എടക്കര: അഞ്ച് തലമുറകൾക്ക് പുണ്യം പകർന്ന മറിയം മുത്തശി നൂറ്റിമൂന്നിന്റെ നിറവിൽ.
മണിമൂളി പാലാട് പരേതനായ വലിയ നിരപ്പേൽ ജോസഫിന്റെ ഭാര്യ മറിയമാണ് വയോജന ദിനത്തിൽ കേക്ക് മുറിച്ച് കുടുംബാംഗങ്ങൾക്കാെപ്പം നൂറ്റിമൂന്നാം പിറന്നാൾ ആഘോഷമാക്കിയത്.
വാർധക്യത്തിലും ചുറുചുറുക്കോടെ കുടുംബത്തിന്റെ മാതൃകാദീപമായി വിളങ്ങുന്ന മറിയം 1956-ലാണ് ഭർത്താവ് ജോസഫിനൊപ്പം കോട്ടയം ജില്ലയിലെ കുറവിലങ്ങാട് നിന്നും മൂന്ന് മക്കളുമായി മലബാറിലേക്ക് കുടിയേറിയത്.
വഴിക്കടവ് പഞ്ചായത്തിലെ മണിമൂളി പാലാടാണ് കുടുംബം ചേക്കേറിയത്.
കുടിയേറ്റകാലത്ത് ഭൂരിഭാഗവും വനപ്രദേശമായിരുന്ന ഇന്നാട്ടിൽ വന്യമൃഗങ്ങളുമായി പടപൊരുതി ഭർത്താവ് ജോസഫിനൊപ്പം താങ്ങും തണലുമായി കൂടെനിന്ന് ജീവിതം കരുപ്പിടിപ്പിച്ചു. ഇതിനിടെ രണ്ട് മക്കൾകൂടി ജനിച്ചു.
1986-ൽ ഭർത്താവ് ജോസഫ് മരണപ്പെട്ടതോടെ അഞ്ച് മക്കളിലെ ഏക ആണ്തരിയായ ജോണിനൊപ്പം തറവാട് വീട്ടിലാണ് കഴിഞ്ഞിരുന്നത്.
ജോണ് രണ്ടു വർഷം മുൻപ് മരണപ്പെട്ടതോടെ ഭാര്യ മേരിയോടൊപ്പമാണിപ്പോഴുള്ളത്. നൂറ്റിമൂന്നിലും വാർധക്യസഹജമായ അസുഖങ്ങളും മറിയം മുത്തശിയെ ബാധിച്ചിട്ടില്ല.
സദാസമയവും കൊന്ത കയ്യിലേന്തി നടക്കുന്ന മറിയം തികഞ്ഞ ദൈവിശ്വാസിയാണ്. വയോജന ദിനത്തിൽ മക്കളും കൊച്ചുമക്കളും പേരക്കുട്ടികളും അവരുടെ മക്കളും എല്ലാം പാലാട് തറവാട്ട് വീട്ടിൽ ഒത്തുകൂടി.
കേക്കുമുറിച്ചും സ്നേഹചുംബനങ്ങൾ നൽകിയും മുത്തശിക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേർന്നും അവർ മുത്തശിയുടെ നൂറ്റിമൂന്നാം പിറന്നാൾ ആഘോഷമാക്കി.
ഒരിക്കൽ പോലും മുത്തശി ആരോടും ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ലെന്ന് നാലാം തലമുറയിൽപ്പെട്ട ജിനാ ഷിജുവും, ടിൻറ്റോ ടോമിയും പറയുന്നു.
മറിയത്തിന്റെ 100 പിറന്നാളും വീട്ടുകാർ വലിയ ആഘോഷമാക്കിയിരുന്നു. അഞ്ചാം തലമുറക്കാരായ ജുവൽ മരിയ, ആൻ തെരേസ് ഉൾപ്പെടെയുള്ള കുടുംബത്തിലെ എല്ലാവരുടെയും പേരുകൾ വരെ മറിയത്തിന് ഹൃദിസ്ഥമാണ്.
മധുരപലഹാരങ്ങൾ അമ്മക്ക് ഏറെ ഇഷ്ടമാണെന്ന് മക്കളും കൊച്ചുമക്കളും പറയുന്നു.
പള്ളിയിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും കോവിഡ് തടസം നിൽക്കുകയാണെന്ന് മറിയം പറയുന്നു.
വയോജന ദിനത്തിൽ മറിയം മുത്തശിക്ക് നൂറ്റിമൂന്നാം പിറന്നാൾ ആശംസകളുമായി പാലാടുള്ള വലിയനിരപ്പേൽ തറവാട് വീട്ടിൽ കുടുംബാംഗങ്ങൾ ഒത്തുചേർന്നപ്പോൾ അതൊരു ഉത്സവമായി മാറി.