കോഴിക്കോട്: നാലരവയസുകാരിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ വളര്‍ത്തമ്മയുടെ കാമുകനെ തേടി പോലീസ്.
മംഗളുരു പഞ്ചമുകില്‍ സ്വദേശിനി ബീന എന്ന ഹസീനയുടെ കാമുകന് ഗണേഷാണ് ഒളിവിലുള്ളത്. ഇയാള്‍ മംഗളുരുവില്‍ തന്നെയാണുള്ളതെന്നും വൈകാതെ പിടിയിലാവുമെന്നും കേസന്വേഷിക്കുന്ന ടൗണ്‍ എസ്ഐ ബിജു ആന്റണി പറഞ്ഞു.
ഹസീനയുടെ അറസ്റ്റ് വിവരമറിഞ്ഞ് ഗണേഷ് മുങ്ങാനുള്ള സാധ്യതയേറെയാണ്. ഈ സാഹചര്യത്തില്‍ അന്വേഷണസംഘം രഹസ്യമായി നിരീക്ഷിച്ചുവരികയാണ്.
30 വര്‍ഷത്തിനുശേഷം ഇന്നലെ രണ്ടാംപ്രതിയായ വളര്‍ത്തമ്മ ബീനയെ കളമശേരിയില്‍ വച്ച് പോലീസ് പിടികൂടിയിരുന്നു. കേസില്‍ നേരത്തെ ജയിലിലായിരുന്ന ബീന ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
1991 ലാണ് കേസിനാസ്പദമായ സംഭവം. തെരുവില്‍ കഴിയുന്ന അമ്മയില്‍ നിന്ന് വളര്‍ത്താമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ ബീനയും ഗണേഷും ഏറ്റെടുത്തത്.
തുടര്‍ന്ന് ബീനയും കാമുകനും ചേര്‍ന്ന് കോഴിക്കോട്ടെ ഒയിറ്റി ലോഡ്ജില്‍ താമസമാരംഭിച്ചു. ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടാവുന്നത് പതിവായിരുന്നു. ഈ സമയത്ത് കാമുകന് കുട്ടിയെ ശാരീരികമായി ഉപദ്രവിക്കും.
ഇപ്രകാരം പെണ്‍കുട്ടിക്ക് വാരിയെല്ലിന് ക്ഷതമേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് ഇരുവരും മുങ്ങി. കുട്ടിയെ പരിശോധിച്ചപ്പോള്‍ സിഗരറ്റ് കൊണ്ട് ശരീരം പൊള്ളിച്ചതായും കണ്ടെത്തി.
ചികിത്സയിലിരിക്കെ കുട്ടി മരിച്ചു. അന്വേഷണത്തിനൊടുവില്‍ ഇവര്‍ അറസ്റ്റിലാവുകയും ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
പ്രതി മൂന്നാര്‍ ഭാഗത്ത് താമസമുണ്ടെന്നും, ഒരു ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ടു കളമശേരിയില്‍ എത്തുമെന്നും ഉള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എ.വി. ജോണിന്റെ നിര്‍ദേശ പ്രകാരം ടൗണ്‍ പോലീസ് ഇന്സ്പെ്ക്ടര് ശ്രീഹരി, എസ്ഐ മാരായ ബിജു ആന്റണി, അബ്ദുള്‍ സലിം, സീനിയര്‍ സിപിഒ സജേഷ് കുമാർ. സിപിഒമാരായ രജീഷ് ബാബു, സുജന എന്നിവരടങ്ങിയ സംഘം പിടികൂടുകയുമായിരുന്നു.