മഞ്ചേരി : പതിനാല്, പതിനഞ്ച് വയസു പ്രായമുള്ള പെണ്‍കുട്ടികളെ മയക്കുമരുന്നു നൽകി പീഡിപ്പിച്ച സംഭവത്തിൽ കുട്ടികൾക്കു നൽകിയ സിഗരറ്റിൽ ഹാഷിഷ് എന്ന മാരക മയക്കുമരുന്നെന്നു പോലീസ്.
സംഭവവുമായി ബന്ധപ്പെട്ട അറസ്റ്റിലായ പ്രതി കുറ്റിപ്പാല പൂന്തോട്ടപ്പടി ആറ്റുപുറത്ത് മുഹമ്മദ് ഇഖ്ബാൽ (27) ജയിലിൽ റിമാൻഡിൽ തുടരുകയാണ്. ഇയാളുടെ ജാമ്യാപേക്ഷ ഇന്നലെ മഞ്ചേരി പോക്സോ സ്പെഷൽ കോടതി തള്ളി.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ബാലികയെ പ്രതി 2020 ഏപ്രിൽ മാസത്തിൽ ഒരുദിവസം പുലർച്ചെ ഒന്നരമണിക്കും 2021 ഫെബ്രുവരി ആറിനു കുട്ടിയുടെ വീട്ടിൽവച്ചും മയക്കുമരുന്നു നിറച്ച് സിഗരറ്റ് വലിപ്പിച്ച ശേഷം ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
ഈ കേസിൽ 2021 മാർച്ച് 17ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് പ്രതിയെ കൽപ്പകഞ്ചേരി പോലീസ് ഇൻസ്പെക്ടർ എം.ബി റിയാസ്രാജ അറസ്റ്റ് ചെയ്തത്.
ഈ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതി സമാനമായ രീതിയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ചതായും കണ്ടെത്തിയത്.
ട്യൂഷൻ ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ കാറിൽ കയറ്റി സിഗരറ്റ് നൽകി മയക്കി പീഡിപ്പിക്കുകയായിരുന്നു.
സംഭവം കേസായതോടെ പ്രതി 2021 ഫെബ്രുവരി 19ന് ചെന്നൈ വഴി യുഎഇയിലേക്കു മുങ്ങി. മാർച്ച് 17ന് തിരികെ വരികയായിരുന്ന പ്രതിയെ കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് പോലീസിൽ അറിയിക്കുകയായിരുന്നു.