മാഹി: ഉപഭോക്താവിനെ ശരിക്കും ഷോക്കടിപ്പിച്ച് പുതുച്ചേരി വൈദ്യുതി വകുപ്പ്. മാഹി പന്തക്കൽ കുന്നുമ്മൽ പാലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പന്തക്കലിലെ മാലയാട്ട് സനിൽ കുമാറിനാണ് 25 കോടിയിലേറെ രൂപയുടെ വൈദ്യുത ബിൽ നൽകി പുതുച്ചേരി ആരോഗ്യവകുപ്പ് ഷോക്കടിപ്പിച്ചത്.
ജൂലൈ മാസത്തെ ബില്ലിലെ തുക ശ്രദ്ധിക്കാതെ പന്തക്കലിലെ അക്ഷയകേന്ദ്രത്തിൽ ഓൺലൈനായി തുക അടയ്ക്കുവാൻ രസീത് കാണിച്ചപ്പോഴാണ് അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരൻ ഭീമമായ തുകയെക്കുറിച്ച് ശ്രദ്ധയിൽപ്പെടുത്തിയത്. 25,93,10580 രൂപയായിരുന്നു ബില്ലിലുണ്ടായിരുന്നത്.
കൺസ്യൂമർ നമ്പറും വീട്ടുടമയുടെ പേരും മേൽവിലാസവും തെറ്റാതെ രസീതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മാഹിയിൽ വൈദ്യുതിക്ക് യൂണിറ്റിന് 35 പൈസ ഈയിടെ വർധിപ്പിച്ചിരുന്നു. വീടുകളിലും സ്ഥാപനങ്ങളിലുമെത്തി മീറ്റർ റീഡിംഗ് എടുത്തശേഷം പുതുച്ചേരി ഹെഡ് ഓഫീസ് റവന്യൂ സെക്ഷനിലേക്ക് റീഡിംഗ് അയച്ചുകൊടുക്കുകയാണ് പതിവെന്ന് മാഹി വൈദ്യുത വകുപ്പ് അധികൃതർ പറഞ്ഞു.
ഷോക്കടിപ്പിക്കുന്ന ബില്ലിനു പിന്നിൽ പുതുച്ചേരി ഓഫീസിൽ കണക്കുകൂട്ടലിൽ വന്ന അബദ്ധമായിരിക്കാമെന്നാണ് അധികൃതരുടെ നിഗമനം.