കോഴിക്കോട്: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ അറുപത് വയസുകഴിഞ്ഞ പൗരന്മാർക്ക് സൗജന്യമായി കൃത്രിമ ദന്തനിര വെച്ചുനൽകുന്ന ‘മന്ദഹാസം’ പദ്ധതിയിലൂടെ ജില്ലയിൽ കഴിഞ്ഞവർഷം കൃത്രിമദന്തനിര വെച്ചുനൽകിയത് 55 പേർക്ക്.
കഴിഞ്ഞവർഷം ആരംഭിച്ച പദ്ധതി ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ സാമൂഹികനീതി വകുപ്പാണ് നടപ്പാക്കുന്നത്പല്ലുകൾ പൂർണമായോ ഭാഗികമായോ നഷ്ടപ്പെട്ടവരെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി തിരഞ്ഞെടുക്കുക. ദന്തനിര വെച്ചുപിടിപ്പിക്കലിന്റെ ചെലവ് സംസ്ഥാന സർക്കാരാണ് വഹിക്കുക. ഒരുവ്യക്തിക്ക് അയ്യായിരം രൂപയാണ് നൽകുക. ഈ തുക ദന്തനിരവച്ചുനൽകുന്ന ആശുപത്രിക്ക് കൈമാറും.
ജില്ലയിൽ നിലവിൽ സർക്കാർ ബീച്ച് ആശുപത്രിയിലാണ് ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്. ആവശ്യമെങ്കിൽ മറ്റ് സർക്കാർ-സ്വകാര്യ ആശുപത്രികളുമായും ചേർന്ന് പദ്ധതി നടപ്പാക്കാനാകുമെന്ന് സാമൂഹികനീതിവകുപ്പ് അധികൃതർ പറഞ്ഞു. പദ്ധതിക്കുള്ള അപേക്ഷാഫോറം ശിശുവികസന പദ്ധതി ഓഫീസ്, ജില്ലാ സാമൂഹികനീതി ഓഫീസ് എന്നിവിടങ്ങളിൽ നിന്നും സാമൂഹികനീതി വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ലഭ്യമാകും.
പല്ല് ഭാഗികമായി നഷ്ടപ്പെട്ടവരാണെങ്കിൽ അവശേഷിക്കുന്ന പല്ലുകൾ ഉപയോഗയോഗ്യമല്ലെന്നും പറിച്ചുമാറ്റേണ്ട അവസ്ഥയിലാണെന്നും അംഗീകൃത ഡോക്ടര്നൽകുന്ന സാക്ഷ്യപത്രം, ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്ന് തെളിയിക്കുന്ന രേഖ, വയസ്സ് തെളിയിക്കുന്ന രേഖ എന്നിവ ഹാജരാക്കണം.
കഴിഞ്ഞ സാമ്പത്തികവർഷത്തിന്റെ അവസാനമാണ് പദ്ധതി നടപ്പാക്കിയത്. അതിനാലാണ് ഗുണഭോക്താക്കളുടെ എണ്ണത്തിൽ കുറവുണ്ടായതെന്നും ഈ വർഷം കൂടുതൽ പേരെ ഗുണഭോക്താക്കളായി കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സാമൂഹികനീതിവകുപ്പധികൃതർ പറഞ്ഞു.