ഉത്തരാഖണ്ഡിലെ നിധി താഴ് വരയിൽ മന്ദാകിനി നദിയുടെ വൃഷ്ടിപ്രദേശത്ത് വൻ തടാകം രൂപംകൊള്ളുന്നു. ഉപഗ്രഹചിത്രങ്ങളാണ് ഇതു സംബന്ധിച്ചു സൂചന നൽകുന്നത്. തടാകത്തിന്റെ വിസ്തൃതി കൂടി വരികയാണെന്നും വെള്ളം ഒഴുകിപ്പോയില്ലെങ്കിൽ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ധോളി ഗംഗ, മന്ദാകിനി നദികളുടെ വൃഷ്ടിപ്രദേശത്ത് വെസ്റ്റേണ്‍ കാമെറ്റ്, റെയ്കാന്ദ ഹിമാനികൾക്ക് നടുവിലാണ് തടാകം രൂപംകൊള്ളുന്നതെന്ന് ഉത്തരാഖണ്ഡ് സ്പേസ് ആപ്ലിക്കേഷൻ സെന്റർ(യുഎസ്എസി) ഡയറക്ടർ ഡോ.എം.പി.എസ്.ബിഷ്ത് വ്യക്തമാക്കി.
ഇതു സംബന്ധിച്ച റിപ്പോർട്ട് യുഎസ്എസി സർക്കാരിനു കൈമാറി. ഹിമാലയൻ ഭൂമിശാസ്ത്രം സംബന്ധിച്ചു പഠിക്കുന്ന വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് തടാകരൂപീകരണം സംബന്ധിച്ചു കൂടുതൽ പരിശോധന നടത്തണമെന്നും യുഎസ്എസി സർക്കാരിനോടു നിർദേശിച്ചു.
2001 മുതൽ നിലനിൽക്കുന്ന തടാകം വർഷങ്ങളായി ചുരുങ്ങിയിട്ടില്ല. ഇത്തരം തടാകങ്ങൾ രൂപീകരിക്കുന്നത് സ്വാഭാവികമാണെങ്കിലും വെള്ളം വൻതോതിൽ കെട്ടിനിൽക്കുന്നത് അപകടകരമാണെന്ന് വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധി അറിയിച്ചു.