കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും ജനങ്ങളില്‍നിന്നു നേരിട്ടു പരാതികള്‍ സ്വീകരിക്കുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ നിയോജക മണ്ഡലത്തിലുമെത്തുന്ന മണ്ഡല വികസനസദസ് ഡിസംബര്‍ 12 മുതല്‍ 14 വരെ ജില്ലയില്‍ നടക്കും.
മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും മുഴുവന്‍ സമയവും മണ്ഡല വികസനസദസിലും അനുബന്ധ പരിപാടികളിലുമായതിനാല് ഡിസംബര്‍ 13ന് മന്ത്രിസഭാ യോഗവും കോട്ടയത്ത് നടക്കും.
മുഖ്യമന്ത്രിയും 21 മന്ത്രിമാരും കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസിലാണ് മണ്ഡലസദസിനായി എത്തുന്നത്. ഇതിനായി പ്രത്യേക കെഎസ്ആര്‍ടിസിയുടെ ലോഫ്ളോര്‍ ബസ് തയാറായികൊണ്ടിരിക്കുകയാണ്.
നവംബര്‍ 18ന് മഞ്ചേശ്വരത്തുനിന്ന് ആരംഭിക്കുന്ന മണ്ഡല വികസന സദസ് ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് പര്യടനം ക്രമീകരിച്ചിരിക്കുന്നത്.
ഇടുക്കി ജില്ലയിലെ പീരുമേട് നിയോജക മണ്ഡലത്തിലെ മണ്ഡലസദസിനുശേഷം ഡിസംബര്‍ 12ന് ഉച്ചകഴിഞ്ഞ് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മുണ്ടക്കയത്താണ് ആദ്യ മണ്ഡലസദസ്. തുടര്‍ന്ന് 4.30ന് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ പൊന്‍കുന്നത്തും വൈകിട്ട് ആറിന് പാലായിലും സദസ് നടക്കും.
13നു രാവിലെ കോട്ടയത്ത് പൗരപ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രഭാതയോഗം നടക്കും. തുടര്‍ന്ന് 11ന് ഏറ്റുമാനൂരിലും ഉച്ചകഴിഞ്ഞു മൂന്നിനു പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയിലും 4.30ന് ചങ്ങനാശേരിയിലും വൈകിട്ട് ആറിന് കോട്ടയത്തും മണ്ഡലസദസുകളില് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും.
മന്ത്രിസഭയോഗ ദിവസമായതിനാല്‍ അന്ന് കോട്ടയത്ത് മന്ത്രിസഭായോഗവും ചേരും. ചീഫ് സെക്രട്ടറി ഉള്‍പ്പെടെുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അന്നേദിവസം കോട്ടയത്തുണ്ടാകും.
14നു രാവിലെ കടുത്തുരുത്തിയില്‍ നടക്കുന്ന പൗരപ്രമുഖരുടെ പ്രഭാത സംഗമത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. 11ന് കടുത്തുരുത്തിയിലും ഉച്ചകഴിഞ്ഞ് മൂന്നിനു വൈക്കത്തും മണ്ഡലസദസ് നടക്കും.
നാലിന് മുഖ്യമന്ത്രിയും മന്ത്രിമാരും വൈക്കത്തുനിന്നു ജങ്കാര്‍ വഴി അരൂര്‍ മണ്ഡലത്തിലെത്തും. മണ്ഡലങ്ങളില്‍ എംഎല്‍എമാരാണ് മണ്ഡലസദസിനു നേതൃത്വം നല്‍കുന്നത് പ്രതിപക്ഷ എംഎല്‍എമാരുള്ള കോട്ടയം, പുതുപ്പള്ളി, കടുത്തുരുത്തി, പാലാ നിയോജക മണ്ഡലങ്ങളില്‍ മന്ത്രി വി.എന്‍. വാസവന് പങ്കെടുക്കും.
ത്രിതല പഞ്ചായത്തംഗങ്ങള്‍, സഹകരണ ബാങ്ക് പ്രതിനിധികള്‍ എന്നിവരും മണ്ഡലം സദസില്‍ പങ്കെടുക്കും. മണ്ഡലത്തിന്റെ വികസനം, പൊതുവായ വികസനപ്രശ്നങ്ങള്‍, പരാതികള്‍, മുടങ്ങികിടക്കുന്ന പദ്ധതികള്‍, വികസന പ്രശ്നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുകയും ജനങ്ങളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കുകയും ചെയ്യും.
മണ്ഡല വികസന സദസ് വിജയിപ്പിക്കുന്നതിനായി എല്‍ഡിഫ് ജില്ലാ കമ്മിറ്റി ഒമ്പത് നിയോജക മണ്ഡലങ്ങളിലും സ്വാഗത സംഘം രൂപീകരിക്കും. പഞ്ചായത്ത്, ബൂത്ത്തല യോഗങ്ങളും വീട്ടുമുറ്റ കുടുംബയോഗങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ടെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രഫ. ലോപ്പസ് മാത്യു പറഞ്ഞു.