ശബരിമല: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനു നാളെ തുടക്കമാകും. ഇന്ന് വൈകുന്നേരം ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും.
തുടര്‍ന്ന് മേല്‍ശാന്തി ഉപദേവതാ ക്ഷേത്രനടകളും തുറന്ന് ദീപങ്ങള്‍ തെളിക്കും. പിന്നീട് പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ അഗ്നി പകരും. ശബരിമല, മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങ് ഇന്നു വൈകുന്നേരം ആറിന്് ആരംഭിക്കും.
ശബരിമല, മാളികപ്പുറം മേല്‍ ശാന്തിമാരായി തെരഞ്ഞെടുക്കപ്പെട്ട എന്‍.പരമേശ്വരന് നമ്പൂതിരിയെയും ശംഭു നമ്പൂതിരിയെയും നിലവിലെ മേല്‍ശാന്തി പതിനെട്ടാം പടിക്ക് മുന്നിലായി സ്വീകരിച്ച് ശബരീശസന്നിധിയിലേക്ക് ആനയിക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങുകള്‍ നടക്കുക.
സോപാനത്തിനു മുന്നിലായി നടക്കുന്ന ചടങ്ങില്‍ ക്ഷേത്രതന്ത്രി, പുതിയ മേല്‍ശാന്തിയെ കലശാഭിഷേകം ചെയ്യും. ശേഷം ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കൊണ്ടുപോയി അയ്യപ്പന്റെ മൂലമന്ത്രം മേല്‍ശാന്തിയുടെ കാതുകളില്‍ ഓതികൊടുക്കും.
പിന്നീട് മാളികപ്പുറംക്ഷേത്രത്തില് വച്ച് മാളികപ്പുറം മേല്‍ശാന്തിയെ അവരോധിക്കും. നാളെ പുലര്‍ച്ചെ ഇരുക്ഷേത്രനടകളും തുറക്കുന്നത് പുതിയ മേല്‍ശാന്തിമാരായ എന്‍.പരമേശ്വരന് നമ്പൂതിരിയും ശംഭു നമ്പൂതിരിയും ആയിരിക്കും.
അതേസമയം ഒരു വര്‍ഷത്തെ ശാന്തി വൃത്തി പൂര്‍ത്തിയാക്കിയ ശബരിമല മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റിയും മാളികപ്പുറം മേല്‍ശാന്തി രജികുമാര്‍ നമ്പൂതിരിയും ഇന്നു രാത്രി തന്നെ പതിനെട്ടാം പടികള്‍ ഇറങ്ങി കലിയുഗവരദന് യാത്രാവന്ദനം നടത്തി വീടുകളിലേക്ക് മടങ്ങും.
നാളെ മുതല്‍ഡിസംബര്‍ 26 വരെയാണ് മണ്ഡലപൂജാ മഹോല്‍സവം. മകരവിളക്ക് ഉല്‍സവത്തിനായി ശബരിമല ക്ഷേത്രനട ഡിസംബര്‍ 30നു് തുറക്കും. മകരവിളക്ക് ഉല്‍സവം 30 മുതല്‍ ജനുവരി 20 വരെയാണ്. മകരവിളക്ക് ജനുവരി 14നാണ്.