സ്വന്തം ലേഖകൻ
തൃശൂർ: മണ്ഡലകാലത്തിനു തുടക്കമായതോടെ കറുത്ത മുണ്ടും മാലകളുമായി അയ്യപ്പഭക്തരുടെ വരവും പ്രതീക്ഷിച്ച് കച്ചവടക്കാർ കാത്തിരിക്കുന്നു.
തൃശൂരിലെ പൂജാസാമഗ്രികളും അയ്യപ്പഭക്തർക്കുള്ള സാധന സാമഗ്രികളും വില്പന നടത്തുന്ന പതി വു സ്ഥാപനങ്ങളെല്ലാം വൃശ്ചികം ഒന്നിനു മുൻപു തന്നെ ഒരുങ്ങിക്കഴിഞ്ഞിരുന്നു.
സാധാരണ തുലാം അവസാന ദിവസങ്ങളിൽ തന്നെ മാലകളും മുണ്ടുകളുമെല്ലാം വൻതോതിൽ വിറ്റുപോകാറുണ്ടെങ്കിലും ഇത്തവണ വില്പന അധികമുണ്ടായില്ല.
വൃശ്ചികം പിറന്നിട്ടും കച്ചവടം മന്ദഗതിയിലാണെന്നു കച്ചവടക്കാർ പറയുന്നു. വരും ദിവസങ്ങളിൽ കച്ചവടം നല്ല രീതിയിൽ നടക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
ഇത്തവണ ശബരിമല തീർത്ഥാടനം എങ്ങിനെയായിരിക്കുമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതിനാലും കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ അയ്യപ്പഭക്തർ ശബരിമലയ് ക്കു പോകുമോ എന്ന ആശയക്കുഴപ്പവുമെല്ലാം കാരണം മുൻ കാലങ്ങളിലേതുപോലെ വൻതോതിൽ സാധനസാമഗ്രികളും മുണ്ടുകളും കച്ചവടക്കാർ സ്റ്റോക്കു ചെയ്തിട്ടില്ല.
സാധാരണ തിരുപ്പൂർ, സേലം എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ കൊണ്ടുവരാറുള്ള മുണ്ടുകളും മറ്റും ഇത്തവണ ഒഴിവാക്കി കേരളത്തിൽ നിന്നു തന്നെയാണ് ഇതെല്ലാം വാങ്ങിയിരിക്കുന്നത്.
കോഴിക്കോടും മറ്റുമുള്ള ഹോൾസെയിൽ സ്ഥാപനങ്ങളിൽ നിന്നാണ് പലരും ഇത്തവണ മുണ്ടുകൾ വാങ്ങി സ്റ്റോക്കു ചെയ്തിരിക്കുന്നത്. അതും വളരെ കുറച്ചു മാത്രം.
കഴിഞ്ഞ വർഷം ഒട്ടും കച്ചവടം കിട്ടിയിരുന്നില്ലെന്നും എന്നാൽ ഇത്തവണ അതിനേക്കാൾ ഭേദമാണെന്നും പറയുന്ന കച്ചവടക്കാർ ശരണമന്ത്രങ്ങളുയരുന്ന മണ്ഡലകാലത്ത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.