മംഗലംഡാം: ടൂറിസം വികസനത്തിന്റെ ഭാഗമായുള്ള മംഗലംഡാം ഉദ്യാനനവീകരണ വികസനപ്രവൃത്തികൾ നടക്കുന്നത് മന്ദഗതിയിൽ. നവീകരണ പ്രവൃത്തികളുടെ നിർമാണോദ്ഘാടനം കഴിഞ്ഞു രണ്ടുമാസമാകുന്പോൾ തുടങ്ങിവച്ചത് വാഹന പാർക്കിംഗ് ഏരിയായുടെ സൈഡ് കെട്ടൽ മാത്രം. അതിന്റെ പണികൾതന്നെ രണ്ടോ മൂന്നോ തൊഴിലാളികളെ വച്ചു ഇഴയുന്ന മട്ടിലാണ്.
കാലവർഷം ആരംഭിക്കുന്നതിനുമുന്പേ തുടങ്ങേണ്ടിയിരുന്ന പ്രവൃത്തികളൊന്നും ഇനിയും പുരോഗമിച്ചിട്ടില്ല. സ്ഥലങ്ങളൊരുക്കി ചെടികളെല്ലാം നട്ടിരുന്നുവെങ്കിൽ മഴയ്ക്കുമുന്പേ ചെടികൾ വളർന്നു ഡാം കാണാനെത്തുന്നവർക്ക് എന്തെങ്കിലുമൊക്കെ കണ്ടു സംതൃപ്തരായി മടങ്ങിപോകമായിരുന്നു. ഷട്ടർ ഭാഗത്തേക്ക് പോകുന്ന ഗേറ്റിനടുത്ത കംഫർട്ട് സ്റ്റേഷനു ചുറ്റുമാണ് ഇപ്പോൾ വാഹനപാർക്കിംഗിനായി സൈഡ് കെട്ടി സ്ഥലം ഒരുക്കുന്നത്.
നേരത്തെ വാഹനപാർക്കിംഗിനായി പടിഞ്ഞാറുഭാഗത്ത് ടാർ റോഡിനരികേ വിശാലമായ പാർക്കിംഗ് കേന്ദ്രം നിർമിച്ചിരുന്നു. എന്നാൽ അവിടെ പാർക്കിംഗ് അനുവദിക്കരുതെന്നും അത് ഡാമിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഡാം സുരക്ഷാവിഭാഗം നിർദേശിക്കുകയായിരുന്നു.
അതോടെ ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച പാർക്കിംഗ് കേന്ദ്രം പാഴായി. ഇപ്പോൾ അവിടം സമീപവാസികൾ വിറക് ഉണക്കാനും തുണിയുണക്കാനുമാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ മാർച്ച് 31-നാണ് ഉദ്യാനനവീകരണത്തിന്റെ ഉദ്ഘാടനം ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചത്.
ഒരുവർഷംകൊണ്ട് പൂർത്തിയാക്കാവുന്ന പ്രവൃത്തികളെ ഉള്ളൂവെന്നും സമയത്തിനുമുന്പേ പ്രവൃത്തി നടത്തണമെന്നായിരുന്നു മന്ത്രിയുടെ നിർദേശം. എന്നാൽ ഈ രീതിയിൽ പണികൾ ഇഴയുന്ന സ്ഥിതിയുണ്ടായാൽ കാലാവധി പറഞ്ഞിട്ടുള്ള ഒന്നരവർഷംകൊണ്ട് പണികൾ പൂർത്തിയാകാത്ത സ്ഥിതിവരും. 476 ലക്ഷം രൂപയാണ് നവീകരണപ്രവൃത്തികൾക്കായി അനുവദിച്ചിട്ടുള്ളത്.