ദുബായ്: ഐസിസിയുടെ ഇരട്ട പുരസ്കരവുമായി ഇന്ത്യ പ്രതിഭാസന്പന്നയായ സ്മൃതി മംധാന പുതുവർഷത്തിലേക്ക്. വനിതാ ക്രിക്കറ്റർ ഓഫ് ദ ഇയർ, 2018ലെ ഏകദിന താരം എന്നീ പുരസ്കാരങ്ങളാണ് ഇന്ത്യൻ ഓപ്പണർക്കു ലഭിച്ചത്. ആദ്യമായാണ് ഒരു ഇന്ത്യൻ വനിതയ്ക്ക് ഐസിസിയുടെ രണ്ടു പുരസ്കാരങ്ങൾ ഒരേ വർഷം ലഭിക്കുന്നത്.
2018ൽ ഏകദിന, ട്വന്റി20 ക്രിക്കറ്റുകളിൽ നടത്തിയ ഗംഭീര പ്രകടനമാണ് മംധാനയ്ക്കു വനിതാ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരത്തിന് അർഹയാക്കിയത്. 12 ഏകദിനങ്ങളിലായി 669 റണ്‍സും 25 ട്വന്റി 20യിൽനിന്ന് 622 റണ്‍സുമാണ് ഈ ഇടംകൈ ഓപ്പണർക്ക് മികച്ച വനിതാ ക്രിക്കറ്റർക്കുള്ള റേച്ചൽ ഹെയ്ഹോ ഫ്ളിന്റ് അവാർഡ് നേടിക്കൊടുത്തത്. ഏകദിനത്തിൽ 66.90 ആയിരുന്നു ശരാശരി. ട്വന്റി 20യിലെ സ്ട്രൈക്ക് റേറ്റ് 130.67ഉം.
വനിതാ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയെ സെമി ഫൈനൽ വരെയെത്തിക്കുന്നതിൽ മംധാന പ്രധാന പങ്ക് വഹിച്ചു. അഞ്ച് മത്സരത്തിൽ 125.35 സ്ട്രൈക്ക് റേറ്റിൽ 178 റണ്‍സാണ് നേടിയത്. ഐസിസിയുടെ റാങ്കിംഗിൽ ഈ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഏകദിനത്തിൽ നാലാ സ്ഥാനത്തും ട്വന്റി 20യിൽ 10-ാമതുമാണ്. 2007ൽ പേസർ ജുലൻ ഗോസ്വാമിക്കുശേഷം വനിത ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയാണ് മംധാന.
ഈ പുരസ്കാര നേട്ടങ്ങൾ കൂടുതൽ മികവോടെ ടീമിനായി അധ്വാനിക്കാനുള്ള പ്രചോദനമാണ് നല്‍കുന്നതെന്ന് അവാർഡ് വിവരമറിഞ്ഞശേഷം ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽവച്ച് അവർക്കെതിരേ നേടിയ സെഞ്ചുറി തന്നെ തൃപ്തിപ്പെടുത്തുന്നതായിരുന്നു. ഇതിനുശേഷം ഇന്ത്യയിൽവച്ച് ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകൾക്കെതിരേ മികച്ച പ്രകടനം നടത്താനായി.
ഇന്ത്യയിൽ കൂടുതൽ റണ്‍സ് നേടുന്നില്ലെന്നു വിമർശിച്ചവർക്കെതിരേയുള്ള മറുപടിയായിരുന്നു അതെന്നും താരം പറഞ്ഞു. 2018 വനിതാ ക്രിക്കറ്റിലെ അവിസ്മരണീയമായ വർഷമായിരുന്നു. ഈ വർഷം സ്മൃതിക്ക് ആരാധകരെയും സന്തോഷിപ്പിക്കുന്ന തരത്തിലുള്ള പ്രകടനങ്ങൾ നടത്താനായെന്ന് ഐസിസി ചീഫ് എക്സിക്യൂട്ടിവ് ഡേവിഡ് റിച്ചാർഡ്സണ് പറഞ്ഞു.
ഓസ്ട്രേലിയയുടെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ അലിസ ഹീയെ വനിത ട്വന്റി20 പ്ലെയർ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തു. ട്വന്റി 20 ലോകകപ്പിൽ ആറു മത്സരങ്ങളിൽ 225 റണ്‍സാണ് ഹീലി നേടിയത്. ഇംഗ്ലണ്ടിന്റെ പത്തൊന്‍പതുകാരി ഇടംകൈ സ്പിന്നർ സോഫി എക്ലെസ്റ്റണെ എമേർജിംഗ് പ്ലെയർ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തു. ഒന്‍പത് ഏകദിനങ്ങളിൽനിന്ന് 18 വിക്കറ്റും 14 ട്വന്റി20യിൽനിന്ന് 17 വിക്കറ്റുമാണ് ഇംഗ്ലീഷ് താരം സ്വന്തമാക്കിയത്.