ടോണ്ടന്: ഓപ്പണർ സ്മൃതി മാന്ദാനയുടെ സെഞ്ചുറി മികവില്‍ വനിതാ ലോകകപ്പില്‍ ഇന്ത്യക്കു തുടര്‍ച്ചയായ രണ്ടാം ജയം. വെസ്റ്റ് ഇന്‍ഡീസിനെ ഏഴു വിക്കറ്റുകള്‍ക്കു തകര്‍ത്താണ് ഇന്ത്യ മുന്നേറിയത്. വിന്‍ഡീസ് ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 45 പന്ത് ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 46 റൺസെടുത്ത ക്യാപ്റ്റൻ മിതാലി രാജ് ഒരിക്കൽക്കൂടി മികച്ച ഇന്നിംഗ്സുമായി തിളങ്ങി.
സ്കോര്‍: വെസ്റ്റ് ഇന്‍ഡീസ്- 183/8(50). ഇന്ത്യ-186/3(42.3).
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ മികച്ച ബൗളിംഗിലൂടെ വരിഞ്ഞുമുറുക്കുകയായിരുന്നു. ഒരുഘട്ടത്തില്‍ ഏഴിന് 121 എന്ന നിലയില്‍ തകര്‍ന്ന വിന്‍ഡീസിനെ വാലറ്റത്ത് ഷാനെല്‍ ദാലെ(33), അഫി ഫ്ളച്ചര്‍(36) എന്നിവര്‍ നടത്തിയ പോരാട്ടമാണ് കരകയറ്റിയത്. ഇവര്‍ക്കു പുറമേ ഓപ്പണര്‍ ഹെയ്ലി മാത്യൂസ്(43) മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. ഇന്ത്യക്കായി പൂനം യാദവ്, ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ എന്നിവര്‍ രണ്ടുവിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ തുടക്കത്തിൽ പതറി. ഒരുഘട്ടത്തില്‍ രണ്ടിന് 32 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട ഇന്ത്യയെ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സ്മൃതി മാന്ദാനയും മിതാലി രാജും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 108 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മിതാലി രാജ് 46 റണ്‍സ് നേടി പുറത്തായി. 108 പന്തില്‍നിന്നു 106 റണ്‍സുമായി സ്മൃതി മാന്ദാന പുറത്താകാതെനിന്നു. മന്ദാനയുടെ ഇന്നിംഗ്സിൽ 13 ബൗണ്ടറിയും രണ്ടു സിക്സും പിറന്നു.