ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവ് മരിച്ചു. ഗാസിയാബാദിലെ സരസ്വതി വിഹാറിലാണ് സംഭവം. ട്രെഡ്മില്ലിൽ ഓടുന്നതിനിടെ യുവാവ് കുഴഞ്ഞ് വീഴുന്നതിൻെറ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
വ്യായാമം ചെയ്യുന്നതിനിടെ സിദ്ധാർത്ഥ് കുമാർ സിങ്ങിന് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായി. സംഭവം ജിമ്മിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കൂടാതെ സിംഗ് ട്രെഡ്മില്ലിൽ പെട്ടെന്ന് നിർത്തുന്നതും പതുക്കെ ബോധം നഷ്ടപ്പെടുന്നതും വീഡിയോയിൽ വ്യക്തമാണ്. നിമിഷങ്ങൾക്കകം അയാൾ മെഷീനിൽ വീണു.
ജിമ്മിൽ വീണതിനെത്തുടർന്ന്, സിങ്ങിനെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും നിർഭാഗ്യവശാൽ ജീവൻ രക്ഷിക്കാനായില്ല. നോയിഡയിലെ ഒരു കോളേജിലെ ഒന്നാം വർഷ വിദ്യാർഥിയാണ് സിംഗ്. നോയിഡയിൽ പിതാവിനൊപ്പമായിരുന്നു താമസം. അമ്മ ബീഹാറിലെ ഒരു സർക്കാർ സ്കൂളിൽ അധ്യാപികയാണ്.
സംഭവത്തിന് 10 മിനിറ്റ് മുമ്പ് സിംഗ് അമ്മയോട് സംസാരിച്ചിരുന്നു. പിന്നീട് പിതാവ് മൃതദേഹം ബിഹാറിലെ സ്വന്തം നാടായ സിവാനിലേക്ക് കൊണ്ടുപോയി. സംഭവത്തെ തുടർന്ന് ജിം അടച്ചിട്ടിരിക്കുകയാണ്.