അണിഞ്ഞൊരുങ്ങി അനങ്ങാതെ നിൽക്കാം, പക്ഷേ ഓടാനോ ചാടാനോ ഒന്നും പറഞ്ഞേക്കരുത്. സാരിയുടുക്കുന്ന കാര്യം പറഞ്ഞാൽ ഒട്ടുമിക്ക യുവതികളുടെയും പ്രതികരണം ഇങ്ങനെയൊക്കെയാണ്. എല്ലാത്തരം ചുറ്റുപാടിലും ഉപയോഗിക്കാനാവാത്ത വസ്ത്രം എന്ന നിലയ്ക്കാണ് സ്തീകൾ സാരിയെ നോക്കിക്കാണുന്നത് എന്നു വ്യക്തം.
എന്നാലിപ്പോൾ സാരിയേക്കുറിച്ചുള്ള പരന്പരാഗത കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ചിരിക്കുകയാണ് മോഡലും മാധ്യമപ്രവർത്തകയുമായ മന്ദിരാ ബേദി. സാരിയുടുത്ത്, കഠിന വ്യായാമമുറയായ പുഷ് – അപ് എടുത്താണ് ഈ നാല്പത്തഞ്ചുകാരി ഏവരെയും ഞെട്ടിച്ചത്. ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവച്ച ചിത്രം ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
എന്നാൽ, സാരിയുടുത്ത് സാഹസം കാട്ടുന്ന അദ്യത്തെ സെലിബ്രിറ്റിയല്ല മന്ദിര. നേരത്തെ മോഡലും അഭിനേതാവുമായ മിലിന്ദ് സോമന്റെ അമ്മ ഉഷ സോമൻ സാരിയുടുത്ത് മാരത്തണ്‍ ഓട്ടം പൂർത്തിയാക്കിയിരുന്നു. വസ്ത്രത്തിലല്ല, മനസിന്റെ കരുത്തിലാണ് കാര്യം എന്നാണ് ഓട്ടം പൂർത്തിയാക്കിയ ശേഷം ഉഷ സോമൻ അന്നു പ്രതികരിച്ചത്.