കൊച്ചി: മന്ത്രവാദ പൂജ നടത്തിയ സ്വർണാഭരണങ്ങൾ ധരിച്ചാൽ വിവാഹം നടക്കുമെന്നു വിശ്വസിപ്പിച്ച് യുവതിയുടെ സ്വർണവും പണവും തട്ടിയ കേസിലെ പ്രതിയെ ഉടൻ പോലീസ് കസ്റ്റഡിയിൽ വാങ്ങും.
ഇതിനായി അടുത്ത ദിവസം എറണാകുളം നോർത്ത് പോലീസ് കോടതിയിൽ അപേക്ഷ നൽകും.
കേസുമായി ബന്ധപ്പെട്ട് തൃശൂർ പാവറട്ടി പള്ളിപ്പറന്പിൽ ഷാഹുൽ ഹമീദ് (39) നെയാണ് എറണാകുളം ടൗണ്‍ നോർത്ത് പോലീസ് സബ് ഇൻസ്പെക്ടർ ടി.എസ്.രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
പച്ചാളത്ത് താമസിക്കുന്ന വിവാഹ മോചിതയായ യുവതിയെയാണ് പ്രതി ഇരയാക്കിയത്. 2021 മുതൽ പല തവണകളായി 17 പവൻ സ്വർണാഭരണങ്ങളും എട്ട് ലക്ഷം രൂപയും ഇയാൾ തട്ടിയെടുക്കുകയായിരുന്നു.