പുത്തൂർ (തൃശൂർ): വയനാട്ടിൽനിന്നു പിടികൂടിയ നരഭോജി കടുവയെ തൃശൂർ ജില്ലയിലെ പുത്തൂർ സുവോളജിക്കൽ പാർക്കിലെ നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചു. വയനാട് സൗത്ത് സോൺ ഡിഎഫ്ഒ ഷബ്നയുടെ നേതൃത്വത്തിൽ വനംവകുപ്പിന്റെ പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് ഇന്നു രാവിലെ ഏഴോടെ കടുവയെ പുത്തൂരിൽ എത്തിച്ചത്.
ആർആർടി സേന അകമ്പടി സേവിച്ചു. സുവോളജിക്കൽ പാർക്കിന് സമീപം കാറ്റിൽ മരം വീണതിനാൽ അരമണിക്കൂറോളം വഴിയിൽ നിർത്തിയിട്ടു. 8.20 നാണു കടുവയെ വാഹനത്തിൽ നിന്നു ഐസൊലേഷൻ വാർഡിലേയ്ക്ക് മാറ്റിയത്. പരിക്കേറ്റ കടുവയ്ക്ക് വിദഗ്ധ ചികിത്സയും പരിചരണവും ഉറപ്പാക്കുമെന്ന് സുവോളജിക്കൽ പാർക്ക് ഡയറക്ടർ ആർ. കീർത്തി അറിയിച്ചു.
മൂക്കിന് ആഴത്തിൽ മുറിവേറ്റ കടുവയ്ക്ക് ചികിൽസ നൽകും. വയനാട്ടിൽനിന്ന് എത്തിയ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലാണ് ചികിൽസ നൽകുന്നത്. കടുവയെ മയക്കിക്കിടത്തിയശേഷമാണ് ചികിൽസ നൽകുക. പതിമൂന്ന് വയസുള്ള ആൺകടുവയെ രണ്ട് മാസം നീരീക്ഷണ കേന്ദ്രത്തിൽതന്നെ പാർപ്പിക്കും.