പത്തനാപുരം:അച്ഛന് കൊല്ലപ്പെട്ടു;കൊലപാതകി അമ്മ.ഇനി എന്തു ചെയ്യണമെന്നറിയാതെ വിധിയുടെ ക്രൂരതയ്ക്ക് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് മൂന്ന് പിഞ്ചു കുട്ടികള്‍.അച്ഛനെ കൊലപെടുത്തിയ കേസില്‍ അമ്മ ജയിലിലായതോടെയാണ് ജീവിതം ഇവര്‍ക്ക് മുന്നില്‍ ചോദ്യം ചിഹ്നമാകുന്നത് .
അഞ്ചല്‍ അഗസ്ത്യകോട് ചരുവിളവീട്ടില്‍ രാജന് – മഞ്ചു ദമ്പതികളുടെ മക്കളാണ് മനീഷും (12) , മഞ്ചിമയും (7),മഞ്ചലി (6)യും. പന്ത്രണ്ട് ദിവസം മുമ്പാണ് ഇവരുടെ പിതാവ് രാജനെ (45)നെ പത്തനാപുരത്തെ വാടകവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത് .
ആത്മഹത്യയാണന്ന് കരുതിയ മരണം പോലീസ് അന്വേഷണത്തില്‍ കൊലപാതകമാണന്ന് തെളിഞ്ഞു. സംഭവത്തില്‍ മാതാവ് മഞ്ചു (32)വിനെയും കാമുകനായ കിളിമാനൂർ സ്വദേശി അജിത്തി (23)നേയും പോലീസ് അറസ്റ്റു ചെയ്തു.അമ്മ ജയിലിലായതോടെ കുരുന്നുകള്‍ തീര്‍ത്തും അനാഥരായിമാറി.
പുനലൂരിലുളള രാജന്റെ സഹോദരി ഉഷയുടെ സംരക്ഷണയിലാണ് കുട്ടികള്‍ ഇപ്പോള്‍ . മനീഷ് ആറാംക്ലാസിലും, മഞ്ചിമ രണ്ടിലും മഞ്ചലി ഒന്നാം ക്ലാസിലും പഠിക്കുന്നു. അല്പം മദ്യപിക്കുമായിരുന്നങ്കിലും കുട്ടികളെ ജീവനു തുല്യം രാജന് സ്നേഹിച്ചിരുന്നു. കുരുന്നുകള്‍ക്കും അമ്മയേക്കാള്‍ ഇഷ്ടം അച്ഛനോടായിരുന്നു. നേരം പുലരും മുമ്പേ മാതാപിതാക്കള്‍ ജോലിക്കായി വീട്ടില്‍ നിന്നും പോകുമ്പോള്‍ കുഞ്ഞു അനുജത്തിമാരെ കുളിപ്പിച്ച് ഒരുക്കി സ്കൂളില്‍ കൊണ്ടു വിട്ടിരുന്നത് സഹോദരന് മനീഷായിരുന്നു.
അച്ഛനെ ഇല്ലാതാക്കിയ അമ്മയെ ഞങ്ങള്‍ക്ക് കാണണ്ടന്ന് പറയുമ്പോഴും കുരുന്നുകളുടെ കണ്ണ്നിറഞ്ഞ് ഒഴുകുന്നത് കാണാമായിരുന്നു. സ്വന്തമായി വസ്തുവോ വീടോ ഇവര്‍ക്കില്ല. നല്ല വിദ്യാഭ്യാസം നല്കി മുന്നോട്ടുളള ജീവിതത്തിനായി സുമനസുകള്‍ കനിയണമേയെന്ന പ്രാര്‍ത്ഥനയിലാണ് ഈ കുഞ്ഞുങ്ങള്‍.