ഒരുകാലത്ത് ബോളിവുഡിലെ താരറാണിയായിരുന്ന മനീഷ കൊയ്രാള വിവാഹമോചിതയായി. മനീഷ തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. 2010-ൽ നേപ്പാളി ബിസിനസുകാരൻ സമ്രാത് ദഹാലുമായുണ്ടായ വിവാഹബന്ധം രണ്ടുവർഷമേ നീണ്ടുനിന്നുള്ളൂവെന്നും മനീഷ പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് മനീഷയും സമ്രാതും പരിചയപ്പെട്ടത്. പരിചയം പ്രണയമായി. പിന്നെ വിവാഹത്തിലുമെത്തി. രണ്ടുവർഷത്തിന് ശേഷം വേർപിരിഞ്ഞെങ്കിലും വിവാഹമോചനത്തിനുള്ള കാര്യം എന്തെന്ന് താരം വെളിപ്പെടുത്തിയില്ല. വിവാഹം നല്ല അനുഭവങ്ങൾ നൽകി ഒരുമിച്ച് പോകാനാവില്ലെന്ന് ബോധ്യമായപ്പോൾ രണ്ടാവാൻ തീരുമാനിച്ചുവെന്നും ബന്ധം വേർപ്പെടുത്തിയതിൽ മുഴുവനും ഉത്തരവാദിത്വം തനിക്കാണെന്നും മനീഷ പറഞ്ഞു.
നേപ്പാളിലെ മുൻ പ്രധാനമന്ത്രി ബിവേശ്വർ പ്രസാദ് കൊയ്രാളയുടെ കൊച്ചു മകളാണ് മനീഷ. ഡൽഹിയിലെ സൈനിക സ്കൂളിൽ പഠനം. ഡോക്ടറാകാൻ ആഗ്രഹിച്ച മനീഷ മോഡലിംഗിലും പിന്നീട് സിനിമയിലും എത്തിച്ചേരുകയായിരുന്നു. മണിരത്നത്തിന്റെ ബോംബെ എന്ന ചിത്രം മനീഷയെ ഇന്ത്യൻ സിനിമയിലെ സുന്ദരിയാക്കി മാറ്റി.
കൈനിറയെ ചിത്രങ്ങൾ. വിവാഹ ശേഷം കാൻസർ രോഗബാധിതയായ മനീഷ സിനിമയിൽനിന്ന് വിട്ടുനിന്നു. രോഗമുക്തി നേടിയ മനീഷ ഇപ്പോൾ വീണ്ടും അഭിനയ രംഗത്ത് സജീവമായിരിക്കുകയാണ്. നല്ല രീതിയിൽ വിവാഹബന്ധം തുടർന്നുകൊണ്ടു പോകാൻ സാധിക്കുന്നില്ലെങ്കിൽ അപ്പോൾ തന്നെ അവസാനിപ്പിക്കുന്നതാണ് നല്ലത്. ഇക്കാര്യത്തിൽ മോശം വിചാരിക്കേണ്ടെന്നും മനീഷ അഭിപ്രായം തുറന്നുപറഞ്ഞു.