രാമപുരം: പുരാതന സാമ്രാജ്യമായിരുന്ന വിജയനഗരത്തിന്റെ ചരിത്രത്തെയും സംസ്ക്കാരത്തെയും നേരിട്ടറിയുവാൻ ലോക പൈതൃക പട്ടികയിൽ സ്ഥാനമുള്ള കർണാടകയിലെ ഹംപിയിലേക്കു കോളേജ് അധ്യാപിക ഒറ്റയ്ക്ക് സ്കൂട്ടറിൽ യാത്ര ചെയ്തത് ആയിരത്തിലധികം കിലോമീറ്റർ.
രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ ബയോടെക്നോളജി പ്രഫസറായ മനീഷ് മാത്യുവാണ് സാഹസിക യാത്ര ചെയ്തത്.
കർണാടകയിലെ പുരാതന വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഹംപി കാണണമെന്നത് ടീച്ചറിന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു.
ക്രിസ്മസ് കാലത്ത് ഒരു യാത്ര പതിവുള്ളതാണ്. ഇത്തവണ പൗരാണികത തൊട്ടറിയുന്ന ഹംപി തിരഞ്ഞെടുക്കുന്പോൾ യാത്ര ഒറ്റയ്ക്ക് മതിയെന്ന് തീരുമാനിക്കുകയായിരുന്നു. സ്കൂട്ടറിൽ യാത്ര ചെയ്യുന്നത് മനീഷിന്റെ ഹരമാണ്.
പൗരാണിക സാമ്രാജ്യം കണ്ടറിയുകയും ഒപ്പം പ്രിയപ്പെട്ട സ്കൂട്ടർ യാത്ര ആസ്വദിക്കുകയും ചെയ്യുകയായിരുന്നു ടീച്ചർ.
ഡിസംബർ 26ന് വെളുപ്പിന് അഞ്ചിന ് പിറവത്തെ വീട്ടിൽ നിന്നാണ് ടീച്ചർ തന്റെ സാഹസിക ദൗത്യം ആരംഭിച്ചത്. ഭർത്താവും മക്കളും കൈവീശി ആത്മവിശ്വാസം പകർന്നു.
ഒരു മണിക്കൂർ യാത്ര ചെയ്യുന്പോൾ 15 മിനിറ്റ് സ്കൂട്ടറിന് വിശ്രമം നൽകും. ആയിരം കിലോമീറ്റർ താണ്ടി രണ്ടു ദിവസത്തെ യാത്ര ചെയ്താണ് ഹംപിയിലെത്തിയത്.
ഒന്നാം ദിവസം വൈകുന്നേരം ആറിന് കർണ്ണാടകത്തിലെ ഒരു ഗ്രാമത്തിലെ ഹോട്ടലിൽ താമസിച്ചു.തിരിച്ചും ഇതേ രീതിയിലായിരുന്നു യാത്ര. 50-60 കിലോമീറ്റർ വേഗതയിലായിരുന്നു സഞ്ചാരം.
തമിഴ്നാട് -കർണ്ണാടക റോഡിലൂടെ പോയപ്പോൾ ചെറുവണ്ടികൾക്ക് യാതൊരു പരിഗണനയും നൽകാതെ അമിത വേഗതയിൽ മറികടന്നു പോകുന്ന ട്രക്കുകളാണ് ആകെയുണ്ടായ ഭീതിപ്പെടുത്തിയ അനുഭവമെന്ന് ടീച്ചർ പറയുന്നു.
യാത്രയിലൊരിടത്തും ആരിൽനിന്നും ഒരു മോശം അനുഭവം ഉണ്ടായില്ലന്ന് ടീച്ചർ പറയുന്നു.
നാല് മണിക്കൂറുകൾ ഇടവിട്ട് വീട്ടുകാരുമായി സംസാരിച്ചിരുന്നതും ഉൗർജ്ജമായിരുന്നു.മാർ ആഗസ്തീനോസ് കോളേജിലെ സ്ത്രീശാക്തീകരണ വിഭാഗത്തിന്റെ മേധാവികൂടിയാണ് മനീഷ് ടീച്ചർ.
സാഹസിക നിറഞ്ഞ ടീച്ചറിന്റെ യാത്രയിലെ ആത്മവിശ്വാസത്തെയും ധൈര്യത്തെയും കോളേജ് മാനേജർ റവ.ഡോ. ജോർജ്ജ് വർഗ്ഗീസ് ഞാറക്കുന്നേൽ, പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ്ബ്, വൈസ് പ്രിൻസിപ്പാൽ ഫാ. ജോസഫ് ആലഞ്ചേരിൽ, സഹ അധ്യാപകർ എന്നിവർ പ്രശംസിച്ചു.
രാമമംഗലം കീരംപടവിൽ കുടുംബാംഗമാണ് മനീഷ് ടീച്ചർ. ഭർത്താവ് ബിജുവും പ്ലസ് വണ്ണിൽ പഠിക്കുന്ന ലിയോണും പത്താം ക്ലാസിലും ആറിലും പഠിക്കുന്ന അലീനയും നോയലുമടങ്ങുന്നതാണ് ടീച്ചറിന്റെ കുടുംബം.