പന്പ: ശബരിമല ദർശനത്തിനെത്തിയ മനിതി കൂട്ടായ്മയിലെ 11 അംഗ സംഘം മടങ്ങിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് പോലീസ്. പ്രതിഷേധം കാരണം മല കയറാനാകാതെ സംഘം പോലീസിൽ അഭയം തേടുകയായിരുന്നുവെന്നും തുടർന്ന് മടങ്ങുകയാണെന്ന് അറിയിച്ചതായും പന്പ സ്പെഷൽ ഓഫീസർ എസ്പി കാർത്തികേയൻ പറഞ്ഞു.
വയോധികരും കുട്ടികളുമടക്കം ഒരു ലക്ഷത്തോളം തീർഥാടകരാണ് ശബരിമലയിൽ ഉള്ളത്. അവരുടെ സുരക്ഷ കൂടി പോലീസിനു കണക്കിലെടുക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ പ്രതിഷേധക്കാർക്കുനേരെ ബലം പ്രയോഗിച്ച് നീക്കാനാകില്ല. ശബരിമലയിൽ വരുന്നവർ അയ്യപ്പഭക്തരാണ്. ഇവരിൽ നിന്നു പ്രതിഷേധക്കാരെ കണ്ടെത്തി നടപടിയെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്നും എസ്പി പറഞ്ഞു.
എന്നാൽ സ്വന്ത ഇഷ്ടപ്രകാരമല്ല പോലീസ് നിർബന്ധിച്ചതിനാലാണ് തങ്ങൾ ഇപ്പോൾ മടങ്ങുന്നതെന്നും മനിതി നേതാവ് സെൽവി പറഞ്ഞു. ശബരിമല ദർശനത്തിനു വീണ്ടുംവരുമെന്നും സുരക്ഷ തേടി നിയമനടപടികളിലേക്കു കടക്കുമെന്നും അവർ വ്യക്തമാക്കി. പോലീസ് തയാറാക്കി നൽകിയ റൂട്ടിലൂടെയാണ് തങ്ങൾ യാത്ര ചെയ്തു പന്പവരെ എത്തിയത്.
അതിർത്തിവരെ തമിഴ്നാട് പോലീസാണ് സുരക്ഷ നൽകിയതെങ്കിലും വാഹനത്തിൽ കേരള പോലീസുമുണ്ടായിരുന്നു. കേരള അതിർത്തിയിൽ നിന്നു കേരള പോലീസാണ് സുരക്ഷ നൽകിയത്. സാധാരണ നിലയിൽ അയ്യപ്പഭക്തരുടെ വാഹനം നിലയ്ക്കൽ വരെ മാത്രമേ അനുവദിക്കാറുള്ളൂ. എന്നാൽ പോലീസ് സുരക്ഷയിൽ മനിതി സംഘത്തെ അതേ വാഹനത്തിൽ പന്പ വരെ എത്തിച്ചു.