കഴുതപ്പാല് ഉപയോഗിച്ചുണ്ടാക്കുന്ന സോപ്പ് ഉപയോഗിച്ചാല് സ്ത്രീകളുടെ സൗന്ദര്യം കൂടുമെന്ന് ബിജെപി നേതാവും മുന് കേന്ദ്ര മന്ത്രിയുമായ മേനക ഗാന്ധി.
ഉത്തര്പ്രദേശിലെ ബാല്ദിറായില് നടത്തിയ പ്രസംഗത്തിലാണ് മേനകയുടെ പരാമര്ശം.ക്ലിയോപാട്ര കഴുതപ്പാലിലാണ് കുളിച്ചിരുന്നതെന്ന്, സോഷ്യല് മീഡിയയില് വൈറല് ആയ പ്രസംഗത്തില് മേനക പറയുന്നു.
കഴുതപ്പാല് കൊണ്ടുണ്ടാക്കുന്ന സോപ്പിന് ഡല്ഹിയില് അഞ്ഞൂറു രൂപ വില വരും. നമുക്ക് എന്തുകൊണ്ട് കഴുതപ്പാല് കൊണ്ടും ആട്ടിന് പാല് കൊണ്ടും സോപ്പ് നിര്മിച്ചു തുടങ്ങിക്കൂടാ എന്ന് മേനക ചോദിച്ചു.
ഒരു കഴുതയെ കണ്ടിട്ട് എത്ര കാലമായി ? അവയുടെ എണ്ണം കുറഞ്ഞുവരികയാണ്. അലക്കുകാര് കഴുതയെ ഉപയോഗിക്കുന്നതെല്ലാം നിര്ത്തി.
ലഡാക്കിലെ ഒരു സമുദായമാണ് കഴുതപ്പാല് കൊണ്ട് സോപ്പ് ഉണ്ടാക്കിത്തുടങ്ങിയത്. ഈ സോപ്പുകള് സ്ത്രീകളുടെ സൗന്ദര്യം വര്ധിപ്പിക്കുമെന്ന് മേനക പറഞ്ഞു.
മരങ്ങള് ഇല്ലാതാവുന്നതുകൊണ്ട് സംസ്കാരച്ചടങ്ങുകളുടെ ചെലവു വര്ധിക്കുകയാണെന്നും എംപി പറഞ്ഞു.
സംസ്കാരത്തിനായി പശുവിന് ചാണകത്തില് സുഗന്ധദ്രവ്യങ്ങള് ചേര്ത്ത് ഉപയോഗിക്കണം. പതിനയ്യായിരം രൂപയുടെ സ്ഥാനത്ത് രണ്ടായിരം രൂപയേ ഇതിനു ചെലവാകൂ എന്നും മേനക ഗാന്ധി പ്രസംഗത്തില് പറഞ്ഞു.