ലക്നോ: ലോക്ക് ഡൗണിൽനിന്നു രക്ഷതേടിയുള്ള യാത്രയിൽ വീണ്ടും അതിഥിത്തൊഴിലാളികളുടെ കണ്ണീർ. യുപിയിലെ ഔരൈയയിലും ബംഗർമാവുവിലും രണ്ട് അപകടങ്ങളിലായി 26 തൊഴിലാളികൾ മരിച്ചു.
ഔരൈയയിൽ ഇന്നലെ പുലർച്ചെ മൂന്നരയോടെ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 24 തൊഴിലാളികളാണു മരിച്ചത്. രാജസ്ഥാനിൽനിന്നു തൊഴിലാളികളുമായി പോയ ട്രക്കും ചരക്കുലോറിയും കൂട്ടിയിടിക്കുകയായിരുന്നു. 24 പേർ തൽക്ഷണം മരിച്ചു, 30 പേർക്കു പരിക്കേറ്റു.
ബിഹാർ, ജാർഖണ്ഡ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ തൊഴിലാളികളാണ് ട്രക്കിൽ ഉണ്ടായിരുന്നത്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
ബംഗർമാവുവിൽ ഇന്നലെ ഉച്ചതിരിഞ്ഞുണ്ടായ അപകടത്തിലാണ് ബിഹാർ സ്വദേശികളായ ദന്പതികൾ മരിച്ചത്. ഇവരുടെ ആറുവയസുകാരനായ കുട്ടി രക്ഷപ്പെട്ടു. ആഗ്ര-ലക്നോ എക്സ്പ്രസ് വേയിൽ ഇവര് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അപകടത്തിൽപ്പെടുകയായിരുന്നു.
ഹരിയാനയിൽ ഓട്ടോറിക്ഷ ഡ്രൈവറാണ് കൊല്ലപ്പെട്ട കുടുംബനാഥൻ. ലോക് ഡൗണിനെത്തുടർന്ന് തൊഴിൽ ഇല്ലാതായതോടെ കുടുംബവുമൊത്ത് ഓട്ടോറിക്ഷയിൽ ജന്മനാട്ടിലേക്കു പോകുന്പോഴാണ് അത്യാഹിതം.
മധ്യപ്രദേശിലെ സാഗറിൽ അതിഥിത്തൊഴിലാളികൾ സഞ്ചരിച്ച ട്രക്ക് മറിഞ്ഞാണ് മറ്റൊരു അപകടം. മഹാരാഷ് ട്രയിൽനിന്നു യുപിയിലേക്കു പോയ അഞ്ച് കുടിയേറ്റ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ദേശീയപാത 86നു സമീപം സാഗർ- കാൺപുർ റോഡിലുണ്ടായ അപകടത്തിൽ 19 പേർക്കു പരിക്കേറ്റു.
ട്രക്കിനുള്ളിൽ കൂട്ടിയിട്ടിരുന്ന തുണിക്കെട്ടുകളിലാണ് തൊഴിലാളികൾ ഇരുന്നിരുന്നതെന്നു പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും അവർ വ്യക്തമാക്കി.
മധ്യപ്രദേശിലെ ഗുണയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് അതിഥിത്തൊഴിലാളികൾ മരിച്ചതാണ് നാലാമത്തെ ദുരന്തം.