കടുത്തുരുത്തി: മങ്ങാട്-ഒറ്റിയാംകുന്ന് റോഡ് തകര്‍ന്ന് ഗതാഗതം ദുഷ്കരമായി. ഇതുവഴിയുള്ള കാല്‍നട യാത്ര പോലും ദുരിതത്തിലായി. സിഎസ്ഐ പള്ളിയിലേക്കു പോയി വരുന്നതും ഇതേ റോഡിലൂടെയാണ്.
മങ്ങാട് -ഒറ്റിയാംകുന്ന് റോഡ് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണെങ്കിലും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കുത്തനെയുള്ള കയറ്റത്തിലൂടെയാണ് റോഡ് കടന്നു പോകുന്നത്.
തകര്‍ന്ന് കിടക്കുന്ന റോഡിലൂടെ ഇരുചക്രവാഹനങ്ങളോ, ഓട്ടോറിക്ഷകളോ പോലും കടന്നു പോകാത്ത സ്ഥിതിയാണെന്നും നാട്ടുകാര്‍ പരിതപിക്കുന്നു. എങ്ങനെയും റോഡ് നന്നാക്കിയെടുക്കണമെന്ന ആഗ്രഹവുമായി സമീപവാസികള്‍ നെട്ടോട്ടമോടുകയാണ്.
റോഡ് നന്നാക്കുന്നതിനായി മൂന്ന് വര്‍ഷം മുമ്പ് 11 ലക്ഷം രൂപ അനുവദിച്ചുവെന്ന് പറയുകയും മുട്ടുചിറ സ്വദേശിയായ കരാറുകാരന് പണി ഏറ്റെടുത്തുവെന്നു പറയഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല.
ജനപ്രതിനിധികള്‍ ഉള്‍പെടെയുള്ളവരെ ഇതേ ആവശ്യത്തിനായി സമീപിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്. അടിയന്തരമായി പ്രശ്ന പരിഹാരത്തിന് നടപടിയുണ്ടാകണണെന്നാണ് നാട്ടുകാരുടെ ആവശ്യം.