കൊച്ചി: നിസാമുദീനിൽനിന്ന് എറണാകുളത്ത് എത്തിയ മംഗള എക്സ്പ്രസിൽ സ്ഫോടക ശേഖരം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വീര്യം കുറഞ്ഞ സ്ഫോടക വസ്തുവാണ് കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
ആർപിഎഫിൻറെയും കടവന്ത്ര പോലീസിന്റെയം നേതൃത്വത്തിൽ അന്വേഷണം നടത്തുന്നുണ്ട്. സ്ഫോടക വസ്തുക്കൾ അധികൃതർ നിർവീര്യമാക്കി. ഇന്നലെ ഉച്ചയ്ക്ക് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ ഇറക്കിയശേഷം കടവന്ത്ര പൊന്നുരുന്നി യാർഡിലേക്ക് മാറ്റിയ ട്രെയിനിൽനിന്നാണു സ്ഫോടകശേഖരം കണ്ടെത്തിയത്.
ഉരുണ്ട ആകൃതിയിലുള്ള 20 എണ്ണമാണ് കണ്ടെത്തിയത്. ട്രെയിൻ വൃത്തിയാക്കുന്നതിനിടെ എസ് വണ്‍ കോച്ചിന്റെ സീറ്റിന് അടിയിൽ സഞ്ചിയിൽ സൂക്ഷിച്ചിരിക്കുന്ന നിലയിലായിരുന്നു. ജീവനക്കാരൻ ഇത് പരിശോധിക്കുന്നതിനിടെ ചെറിയ പൊട്ടിത്തെറി ഉണ്ടായി.
ഇയാളുടെ കാലിന് പരിക്കേറ്റു. തുടർന്ന് വിവരം റെയിൽവേ പോലീസിനെ അറിയിച്ചു. തുടർന്ന് റെയിൽവേ പോലീസിൻറെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.