തൊടുപുഴ: പെരിയാർ കടുവാ സങ്കേതത്തിൽ തള്ളക്കടുവ ഉപേക്ഷിച്ച കടുവാക്കുട്ടി മംഗളയെ കാട്ടിൽ തുറന്നുവിടുന്നതു വൈകും.
മംഗളയ്ക്ക് തിമിരം ബാധിച്ച് കാഴ്ചക്കുറവുണ്ടെന്ന സംശയത്തെ തുടർന്നാണിത്.വിദഗ്ധ ചികി ത്സ വേണമെന്നും കാഴ്ചത്തകരാറിന്റെ പ്രശ്നം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്തയച്ചു.
മംഗളയുടെ സംരക്ഷണത്തിനായി രൂപീകരിച്ച കമ്മിറ്റിയിൽ കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ ഇരതേടൽ പരിശീലനത്തിനായി പ്രത്യേകം സജ്ജീകരിച്ച കൂട്ടിൽതന്നെയാണ് ഒരു വയസ് പ്രായമുള്ള മംഗള കഴിയുന്നത്.
തിമിരത്തിന്റെ ലക്ഷണങ്ങളാണു കാണിക്കുന്നതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. എന്നാ, കണ്ണിനുള്ളിലുണ്ടായ മുറിവാണോ കാഴ്ചക്കുറവിനു കാരണമെന്നും കണ്ടെത്തേണ്ടതുണ്ട്.
ഇതിനു വിദഗ്ധ പരിശോധന അനിവാര്യമാണ്. ഡോക്ടർമാരുടെ പ്രത്യേക സംഘം പരിശോധനയ്ക്കായി കഴിഞ്ഞ മാസം എത്തുമെന്ന് അറിയിച്ചിരുന്നു.
എന്നാൽ, മോശം കാലാവസ്ഥയെത്തുടർന്ന് എത്താനായില്ല. കേരള-തമിഴ്നാട് അതിർത്തിയിലുള്ള മംഗളാദേവി ക്ഷേത്രത്തിനു സമീപത്തു നിന്നുമാണ് കഴിഞ്ഞ നവംബറിൽ രണ്ടുമാസം പ്രായമുള്ള പെണ്കടുവാക്കുട്ടിയെ അവശനിലയിൽ വനപാലകർ കണ്ടെത്തുന്നത്.
ഈ സമയം കാഴ്ചക്കുറവും പിൻകാലുകൾക്ക് ബലക്ഷയവുമുള്ള അവസ്ഥയിലായിരുന്നു. എന്നാൽ കൃത്യമായ പരിചരണത്തിലൂടെ കാലുകളുടെ ബലക്ഷയം മാറിയിട്ടുണ്ട്.
രണ്ടുകിലോയുണ്ടായിരുന്ന കടുവാക്കുട്ടിക്ക് ഇപ്പോൾ 40 കിലോയിലേറെ തൂക്കമുണ്ട്. കഴിഞ്ഞ ജൂലൈ 29നാണ് ഇരതേടൽ പരിശീലനത്തിനായി മംഗളാദേവിയിൽനിന്ന് ആറുകിലോമീറ്റർ അകലെ വനത്തിൽ തന്നെ പ്രത്യേകം സജ്ജീകരിച്ച കൂട്ടിലേക്കു മംഗളയെ മാറ്റിയത്.