മംഗലംഡാം: മണ്ണെണ്ണക്കയത്തെ താമസക്കാർക്ക് വൈദ്യുതി വെളിച്ചത്തിന് ഒരു കാട്ടുചോലയുടെ അകലം. ഒരു പോസ്റ്റ് സ്ഥാപിക്കാൻ വനംവകുപ്പ് അനുവദിച്ചാൽ മറുകരയിലുള്ള പതിനൊന്നു വീട്ടുകാർക്ക് വൈദ്യുതി വെളിച്ചമാകും. ഈ പോസ്റ്റ് സ്ഥാപിക്കാൻ ഒരു മരച്ചില്ലപോലും മുറിക്കേണ്ടതില്ല. തുറസായ സ്ഥലത്തുകൂടി ലൈൻ വലിച്ചു കറന്റ് കൊടുക്കാവുന്നതാണ്.
എന്നാൽ മനുഷ്യത്വ സമീപനത്തേക്കാൾ നിയമം മുറുകെ പിടിച്ച് വനംവകുപ്പ് അരനൂറ്റാണ്ടോളമായി താമസിച്ചുവരുന്ന മലയോരവാസികളെ കഷ്ടപ്പെടുത്തുന്നതു തുടരുകയാണ്. വൈദ്യുതി വെളിച്ചവും വൈദ്യുതോപകരണങ്ങളും ടിവിയുമെല്ലാം ഇന്നും ഇവിടത്തെ താമസക്കാർക്ക് സ്വപ്നം മാത്രം.
മൊബൈൽ ഫോണ് ചാർജ് ചെയ്യാൻതന്നെ ദൂരെയുള്ള ബന്ധുവീടുകളോ പരിചയക്കാരുടെ വീടുകളോ ആശ്രയിക്കണം. വനംവകുപ്പിന്റെ തടസംമൂലം വൈദ്യുതിയെത്താൻ വൈകരുതെന്ന് മംഗലംഡാം കരിങ്കയത്ത് ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേ മാസങ്ങൾക്കുമുന്പ് വനംമന്ത്രി രാജു പറഞ്ഞിരുന്നെങ്കിലും അതെല്ലാം പൊള്ളയായ പ്രഖ്യാപനങ്ങളായി മാറി.