ഇടുക്കി: പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയില്‍ ചിത്രപൗര്‍ണമി ഉത്സവത്തിന് വന്‍ ജന പ്രവാഹം. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ജനങ്ങളാണ് രാവിലെ മുതല്‍ മംഗളാദേവി ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. വര്‍ഷത്തില്‍ ഒരിക്കല്‍ ചിത്രപൗര്‍ണമി നാളില്‍ മാത്രം ഭക്തര്‍ക്ക് പ്രവേശനമുള്ള ക്ഷേത്രത്തിലെ ഉത്സവം കേരളവും തമിഴ്നാടും സംയുക്തമായാണ് നടത്തുന്നത്.
രണ്ടു സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂജാരിമാരാണ് ക്ഷേത്രാചാര ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുന്നത്. രാവിലെ ആറു മുതല്‍ ഒന്നാം ഗേറ്റിലൂടെയാണ് ഭക്തരെ കയറ്റിവിട്ടു തുടങ്ങിയത്. പോലീസിന്റെ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം അനുവദിക്കുന്നത്.
ഇടുക്കി, തേനി എസ്പിമാരുടെ നേതൃത്വത്തിലാണ് ജനങ്ങളെ നിയന്ത്രിക്കുന്നത്. ഉച്ച കഴിഞ്ഞ് 2.30 വരെയാണ് പ്രവേശനം അനുവദിക്കുക. ഇതിനു ശേഷം ആരെയും മലമുകളിലേക്ക് കയറ്റിവിടില്ല. വൈകുന്നേരം 5.30 ന് ശേഷം ക്ഷേത്രപരിസരത്ത് ആരെയും തുടരാനും അനുവദിക്കില്ല.
ഭക്തര്‍ക്കായി കുടിവെള്ളവും താത്കാലിക ടോയ്ലറ്റ് സൗകര്യങ്ങളും ജില്ലാ ഭരണകൂടങ്ങള്‍ ഒരുക്കിയിരുന്നു. ഓഫ് റോഡ് യാത്രയ്ക്ക് അനുയോജ്യമായ പാസ് ലഭിച്ച നാലുചക്ര വാഹനങ്ങള്‍ മാത്രമാണ് അനുവദിച്ചത്.
ഇരുചക്ര വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു. സുരക്ഷയ്ക്കായി കൊക്കരകണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റും പ്രവര്‍ത്തിച്ചിരുന്നു. മെഡിക്കല്‍ സംഘത്തിനൊപ്പം ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. ചൂട് കനത്ത സാഹചര്യത്തില്‍ അടിയന്തര ഘട്ടത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ അഗ്നിരക്ഷാസേനയും സജ്ജമായിരുന്നു.