തിരുവനന്തപുരം: എ.കെ.ശശീന്ദ്രന്റെ രാജിയിൽ കലാശിച്ച ഫോണ് വിളി വിവാദ കേസിൽ ചാനൽ മേധാവി ഉൾപ്പെടെയുള്ള പ്രതികൾ അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരായി. ചാനൽ മേധാവി ഉൾപ്പെടെയുള്ള ഏഴ് പ്രതികളാണ് ഇന്ന് രാവിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച് മേധാവി ദിനേന്ദ്ര കശ്യപ് മുൻപാകെ ഹാജരായത്. മൊഴി നൽകാൻ എത്തണമെന്ന് കാട്ടി രണ്ട് തവണ അന്വേഷണ സംഘം പ്രതികൾക്ക് നോട്ടീസ് നൽകിയിരുന്നു. മുൻകൂർ ജാമ്യത്തിനായി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണവുമായി സഹകരിക്കാൻ കോടതി നിർദേശിച്ചിരുന്നു.
സ്വകാര്യ ചാനലിന്റെ ഓഫീസിൽ ഇന്നലെ അന്വേഷണ സംഘം പരിശോധന നടത്തി കംപ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ ചാനലിലെ ജീവനക്കാരിൽ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു.
ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ ആരംഭിച്ച പരിശോധന രാത്രി വരെ നീണ്ടു നിന്നിരുന്നു. സ്വകാര്യ ചാനലിന്റെ ന്യൂസ് ആരംഭ ദിനമായ ഇക്കഴിഞ്ഞ മാസം 26 നാണ് എ.കെ.ശശീന്ദ്രന്റെ വിവാദ ഫോണ് സംഭാഷണത്തിന്റെ ശബ്ദരേഖ ചാനൽ പുറത്തു വിട്ടത്. ഇതേ തുടർന്ന് ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ചാനലിന്റെ നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നതോടെ വനിതാ മാധ്യമപ്രവർത്തകരും എൻസിപി യുവജന വിഭാഗം പ്രസിഡന്റും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രിസഭാ യോഗം ജൂഡീഷൽ കമ്മീഷനെ നിയമിച്ചിരുന്നു.
കൂടാതെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. ചാനലിനെതിരെയുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ചാനൽ മേധാവി ഉൾപ്പെടെ പത്ത് പോർക്കെതിരെ ക്രൈംബ്രാഞ്ച് രണ്ടു കേസെടുത്തിരുന്നു. അതേ സമയം തന്റെ ലാപ്ടോപ്പ് മോഷണം പോയതായി കാട്ടി ചാനൽ മേധാവി മ്യൂസിയം പോലീസിൽ നേരിട്ടെത്തി പരാതി നൽകിയിരുന്നു. കാറിനകത്ത് നിന്നാണ് ലാപ്ടോപ്പ് മോഷണം പോയത് എന്നാണ് പരാതിയിൽ പറയുന്നത്. ശാസ്തമംഗലത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് മടങ്ങി വന്നപ്പോഴാണ് കാറിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പ് മോഷണം പോയ വിവരം ശ്രദ്ധയിൽപ്പെട്ടതെന്നാണ് പരാതിയിൽ പറയുന്നത്.