തിരുവനന്തപുരം: മുൻ മന്ത്രി എ.കെ.ശശീന്ദ്രൻ ഉൾപ്പെട്ട ഫോണ് കെണി സംഭവം അന്വേഷിച്ച ജൂഡീഷൽ കമ്മീഷൻ വാർത്ത സൃഷ്ടിച്ച മംഗളം ചാനലിന്റെ ലൈസൻസ് റദ്ദാക്കണമെന്ന് ശിപാർശ ചെയ്തു. ജസ്റ്റീസ് പി.എസ്.ആന്റണി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ ശിപാർശ നൽകിയിരിക്കുന്നത്.
ശശീന്ദ്രനെ ചാനൽ ഫോണ് കെണിയിൽ കുടുക്കുകയാണ് ചെയ്തത്. ചാനൽ മേധാവിയായ അജിത്കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും പൊതു ഖജനാവിന് നഷ്ടമുണ്ടാക്കിയതിന് ചാനലിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. നിയമം ലംഘിച്ചാണ് മംഗളം ചാനൽ പ്രവർത്തിച്ചതെന്നും കമ്മീഷൻ കണ്ടെത്തി.
രണ്ടു വാല്യങ്ങളിലായി 405 പേജുള്ള റിപ്പോർട്ടാണ് സർക്കാർ നിയോഗിച്ച ജസ്റ്റീസ് പി.എസ്. ആന്റണി ചെയർമാനായ കമ്മീഷൻ സമർപ്പിച്ചത്. അന്വേഷണാത്മക മാധ്യമങ്ങൾക്കുള്ള മാർഗ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.