മംഗലംഡാം: സൗകര്യങ്ങളുടെ പരിമിതികളിലും പ്രകൃതിമനോഹരമായ മംഗലംഡാം കാണാൻ ഒഴിവുദിവസങ്ങളിൽ സഞ്ചാരികളുടെ തിരക്ക്. ദൂരസ്ഥലങ്ങളിൽനിന്നുള്ള വലിയ സംഘങ്ങൾ പലദിവസങ്ങളിലും ഡാം കാണാൻ എത്തുന്നുണ്ടെന്ന് ഇറിഗേഷൻ അധികൃതർ പറയുന്നു.
മലന്പുഴയെ അപേക്ഷിച്ച് പ്രകൃതിരമണീയമായ മനോഹര കാഴ്ചകളുണ്ട് മംഗലംഡാമിൽ. കണ്ണെത്താത്ത ദൂരത്ത് ചാഞ്ഞും ചെരിഞ്ഞും കോട്ടപോലെ കിടക്കുന്ന മാമലകൾ അവയുടെ മടിത്തട്ടിൽനിന്നും തൂവെള്ള കണക്കെയുള്ള നീരൊഴുക്കുകൾ, റിസർവോയറിന്റെ മധ്യത്തിലെ പച്ചപ്പുനിറഞ്ഞ ദ്വീപ്, ചാലക്കുഴി പുഴയ്ക്കു തുടക്കംകുറിക്കുന്ന കുഞ്ചിയാർപ്പതി, കാച്ചമെന്റ് ഏരിയയോടു ചേർന്നുനില്ക്കുന്ന റബർതോട്ടത്തിനപ്പുറം നിത്യഹരിത വനപ്രദേശം തുടങ്ങി മംഗലംഡാമിനെ മനോഹരിയാക്കുന്ന കാഴ്ചകൾ നിരവധിയാണ്.
മനംകവരുന്ന കാഴ്ചകൾ ചുറ്റിക്കാണാൻ റിസർവോയറിൽ ബോട്ട് സൗകര്യം വേണമെന്നാണ് ഡാം കാണാൻ തൃശൂരിൽ നിന്നെത്തിയ സംഘം അഭിപ്രായപ്പെട്ടത്. പ്രകൃതി ഒരുക്കി തന്നിട്ടുള്ള വിസ്മയകാഴ്ചകൾ പ്രയോജനപ്പെടുത്താൻ അധികൃതർക്ക് കഴിയുന്നില്ലെന്ന വിഷമവും വിനോദസഞ്ചാരികൾ പങ്കുവയ്ക്കുന്നുണ്ട്.
കുടിവെള്ളം ലഭ്യമല്ലാത്തതും കംഫർട്ട് സ്റ്റേഷന്റെ കുറവും ഗൈഡുകളുടെ സേവനം ഇല്ലാത്തതും സഞ്ചാരികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കുട്ടികളുടെ പാർക്ക് നാഥനില്ലാത്ത മട്ടിലാണിപ്പോൾ. ഗേറ്റും ചുറ്റുമതിലും തകർന്നുകിടക്കുകയാണ്.
പ്രവേശനഫീസ് കൊടുത്ത് ഡാമിലേക്ക് കടന്നാൽ മനുഷ്യനിർമിത സൗകര്യങ്ങളൊന്നും ഡാമിലില്ലെന്നാണ് സഞ്ചാരികൾ പരാതിപ്പെടുന്നത്.