മംഗലംഡാം: കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ ഇതാദ്യമായി മംഗലംഡാമിന്റെ റിവർ സ്ലൂയിസ് ഷട്ടർ തുറന്ന് വെള്ളം പുഴയിലേക്ക് വിട്ടു.അഞ്ച് സെൻറീമീറ്റർ ഉയരത്തിലാണ് ഷട്ടർ തുറന്നതെന്ന് ഇറിഗേഷൻ എ ഇ സ്മിത ബാലകൃഷ്ണൻ പറഞ്ഞു. ഡാമിലെ വാട്ടർ ലെവൽ 69.6 മീറ്ററാകും വരെ വെള്ളം തുറന്നു വിടും.
70.41 മീറ്ററാണ് ഇന്നലത്തെ ഡാമിലെ ജലനിരപ്പ്. ഈ വർഷം മേയ് മാസത്തിൽ മാത്രം 364 എംഎം മഴ ഡാമിൽ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 132 എംഎം മാത്രമായിരുന്നെന്ന് ഓവർസിയർ എം.ബിജു പറഞ്ഞു. 77.88 മീറ്ററാണ് ഡാമിന്റെ പരമാവധി ജല സംഭരണ ശേഷി.കാലവർഷം തുടങ്ങും മുന്പേ ജലനിരപ്പിൽ ക്രമാതീതമായ വർധനവ് ഉണ്ടാകുന്നുണ്ട്.
രണ്ടാംപുഴ, ചൂരുപ്പാറ ഭാഗങ്ങളിൽ നിന്നും ഡാമിലേക്ക് ഇപ്പോൾ തന്നെ നീരൊഴുക്ക് തുടങ്ങി. ഇതിനാൽ ഓരോ ദിവസത്തേയും റൂൾ കർവ് കൃത്യമായി പാലിക്കേണ്ടതുണ്ട്. റിവർ സ്ലൂയിസ് ഷട്ടർ തുറക്കുന്നതുമൂലം ഡാമിനടിയിൽ അടിഞ്ഞുകൂടിയിട്ടുള്ള ചെളി ഇളകി പോയി വൃത്തിയാകാനും ഉപകരിക്കും.
എല്ലാ വർഷവും ഇത്തരത്തിൽ അടി ഷട്ടർ തുറക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ മഴ കുറവിൽ ജലനിരപ്പ് പരമാവധിയിലെത്താത്ത സ്ഥിതി വരുമോ എന്ന ആശങ്കയിലാണ് ഇത്രയും കാലം ഷട്ടർ തുറക്കാതിരുന്നത്.2018, 2019 വർഷങ്ങളിലെ പ്രളയ പശ്ചാത്തലത്തിലാണ് ഡാമിന്റെ ഏറ്റവും അടിയിലുള്ള ഈ ഷട്ടർ തുറന്ന് ഡാം റൂൾ കർവ് നിലനിർത്തുന്നത്.
ഡാമിലെ 20 വർഷത്തെ ജലനിരപ്പിന്റെ കണക്കെടുത്താണ് റൂൾ കർവ് കണക്കാക്കുന്നത്. ഡാം നിറഞ്ഞ് സ്പിൽ വെ ഷട്ടറുകൾ വഴി വെള്ളം ഒന്നിച്ച് തുറന്ന് വിട്ട് ഉണ്ടാകുന്ന പ്രളയക്കെടുതി ഒഴിവാക്കാനാണ് ഈ മുൻകരുതൽ.ഡാമിൽ മണ്ണെടുപ്പ് നടക്കുന്നതിനാൽ കലക്ക വെള്ളമാണ് പുഴയിലൂടെ ഒഴുകുന്നത്.