മംഗലംഡാം: മഴ കുറഞ്ഞിട്ടും മംഗലംഡാം നിറഞ്ഞൊഴുകുകയാണ്. വൃഷ്ടി പ്രദേശത്തു നിന്നും ഒഴുകിയെത്തുന്ന വെള്ളം മുഴുവൻ വേനലിലേക്ക് സംഭരിച്ചു നിർത്താനാകാതെ പുഴയിലേക്ക് ഒഴുക്കിവിടുന്നു.മഴക്കാലം പിന്മാറും വരെ ഈ സ്ഥിതി തുടരും. പതിറ്റാണ്ടുകളായി മംഗലംഡാം ഇങ്ങനെയാണ്.
എത്ര മഴ കുറവായാലും ഡാം നിറഞ്ഞ് ഷട്ടറുകൾ തുറക്കാത്ത ഏതെങ്കിലും വർഷമുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെയാണ് മറുപടി.2007ലെ അധിക മഴക്കു ശേഷം ഒന്നാം പ്രളയം എന്ന് വിശേഷിപ്പിക്കപ്പെട്ട 2018ൽ ഡാമിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ജൂണ്‍ മാസം 14ന് ഡാം നിറഞ്ഞ് ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ടായി.
ഇക്കുറി കഴിഞ്ഞ 16നാണ് ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നത്. പിന്നെ അടച്ചിട്ടില്ല. മൂന്ന് ഷട്ടറുകൾ 50 സെന്റീമീറ്ററിലും മൂന്നെണ്ണം 15 സെന്റീമീറ്ററിലും ഉയർത്തിയാണ് വെള്ളം പുഴയിലേക്ക് ഒഴുക്കുന്നത്.ജലം സംഭരിക്കുന്പോൾ ഡാമുകളുടെ റൂൾ കർവ് മാനദണ്ഡങ്ങൾ കൂടി പാലിക്കണമെന്ന നിർദ്ദേശമുള്ളതിനാൽ വെള്ളം പരമാവധിയിലെത്തി നിൽക്കുന്ന ഡാമിൽ ഇനി ഇതിൽ കൂടുതൽ വെള്ളം തടഞ്ഞു നിർത്തുന്നതും അപകടകരമാകും.
മഴയാൽ സന്പന്നമായ വൃഷ്ടിപ്രദേശം ഡാമിനുണ്ട്. പക്ഷേ, പ്രകൃതി അനുഗ്രഹിച്ച് നൽകുന്ന മഴവെള്ളം കരുതിവെക്കാൻ ഇടമില്ലെന്ന ദുരവസ്ഥ പതിറ്റാണ്ടുകളായി നില നിൽക്കുകയാണ്. ഇതിന് പരിഹാരമായാണ് ഡാമിൽ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണും മണലും നീക്കം ചെയ്യുന്ന പ്രവൃത്തി കഴിഞ്ഞ ഫെബ്രുവരി മാസം ആരംഭിച്ചത്.
പീച്ചിയിലുള്ള കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെഇആർഐ) പല തവണ ഡാമിൽ നടത്തിയ പഠനത്തിൽ ഏക്കലും മണലും മണ്ണും മൂലം സംഭരണ ശേഷിയിൽ 2.95 മില്യണ്‍ ഘനമീറ്റർ കുറവു വന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഇതിനാലാണ് സംസ്ഥാനത്തെ തന്നെ പൈലറ്റ് പദ്ധതി എന്ന നിലയിൽ മംഗലംഡാമിലെ മണ്ണ് നീക്കം ചെയ്യാൻ നടപടിയായത്.
മണ്ണ് നീക്കം ചെയ്താൽ 2.95 മില്യണ്‍ ഘനമീറ്റർ വെള്ളം കൂടി സംഭരിക്കാനാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. അതുവഴി ഏഴ് പഞ്ചായത്തുകളിലെ നെൽകൃഷിക്കും നാല് പഞ്ചായത്തുകൾക്ക് കുടിവെള്ള പദ്ധതിയും നടപ്പിലാക്കാനാണ് ലക്ഷ്യം .