മംഗലംഡാം: മലയോര മേഖലയായ കടപ്പാറയിൽ ജലക്ഷാമം രൂക്ഷമായതോടെ മൂർത്തിക്കുന്നിൽ ആദിവാസികളുടെ ജീവിതം ദുരിതത്തിൽ. വറ്റിവരണ്ട കടപ്പാറ തോട്ടിൽ കുഴികുത്തി അതിൽ ഉൗറിവരുന്ന വെള്ളമാണ് കോളനിക്കാരുടെ ദാഹം അകറ്റുന്നത്. എന്നാൽ മഴ വൈകുന്നതോടെ ഇതിലെ ജലലഭ്യതയും പരുങ്ങലിലാണ്.
കുളിക്കാനും കുടിക്കാനും തുണികഴുകാനും ഈ വെള്ളത്തെയാണ് ഇവർ ആശ്രയിക്കുന്നത്.ശുദ്ധജലത്തിന്റെ ലഭ്യത ഇല്ലാതായതോടെ കുട്ടികളിൽ നാനാവിധ ത്വക്ക് രോഗങ്ങളും പടരുകയാണ്. കുളിക്കാനും തുണികഴുകാനുമെല്ലാം പരിമിതമായ അളവിലേ വെള്ളമുള്ളൂ.
ഇത് കുട്ടികളിൽ ചൊറി മുതലായ രോഗങ്ങൾ പിടിപെടാനും കാരണമാകുന്നു. മൂർത്തിക്കുന്നിലെ ഇരുപത്തിരണ്ടു കുടുംബങ്ങൾ താമസിക്കുന്നത് ചുട്ടുപൊള്ളുന്ന പാറപ്പുറത്തെ നാല്പതുസെന്റ് സ്ഥലത്താണ്. തീപ്പെട്ടിക്കൂടുപോലെ തൊട്ടുരുമ്മിയാണ് വീടുകളുടെ നില്പ്.
ഉയരംകുറഞ്ഞ 350 ചതുരശ്രയടി മാത്രം വിസ്തീർണമുള്ള വാർപ്പു വീടുകളായതിനാൽ വെയിൽ ചൂടാകുന്നതിനൊപ്പം വീടിന്റെ മെയിൻ സ്ലാബ് ചൂടുപിടിച്ച് പിന്നെ വീടിനുള്ളിൽ കഴിയാൻ പറ്റില്ല. പിറ്റേദിവസം പുലർച്ചെവരെ ഈ മെയിൻ സ്ലാബിന്റെ ചൂടുതുടരും.
വീടുകൾക്കു ചുറ്റും വലിയ പാറകളായതിനാൽ കല്ല് ചൂടുപിടിച്ചുണ്ടാകുന്ന അത്യുഷ്ണവും അസ്വസ്ഥതയും അസഹനീയമാണെന്നു കോളനിക്കാർ പറയുന്നു. കക്കൂസുകളുടെ കുറവും പ്രദേശം മലിനമാകാനും ഇടയാകുകയാണ്.