മംഗലംഡാം: വിചിത്രമായ അവകാശവാദങ്ങൾ ഉന്നയിച്ച് മംഗലംഡാം റിസർവോയറിന്റെ മറുകരയിലുള്ള രണ്ടാംപുഴ, അട്ടവാടി, ചൂരുപ്പാറ പ്രദേശങ്ങളിലെ കൈവശഭൂമിയെല്ലാം വനംവകുപ്പ് പിടിച്ചെടുക്കുന്നതായി പരാതി. റിസർവോയറിന്റെ കാച്ച്മെന്റ് അതിർത്തി കഴിഞ്ഞുള്ള ഭൂമിയെല്ലാം വനഭൂമിയാണെന്നാണ് വനംവകുപ്പിന്റെ പുതിയ കണ്ടെത്തൽ. ഈ മാനദണ്ഡവുമായാണ് വനംവകുപ്പ് വീടുകൾക്കിടയിലും തോട്ടങ്ങളിലും ജെണ്ട സ്ഥാപിക്കുന്നത്.
കർഷകരെ ഭിന്നിപ്പിച്ചും ഒറ്റപ്പെടുത്തിയുമാണ് മെല്ലപ്പോക്കിൽ ജെണ്ടകെട്ടലും അതിർത്തി നിശ്ചയിക്കലും നടത്തുന്നത്. ഒറ്റയടിക്ക് ജെണ്ട നിർമിക്കാതെ അഞ്ചോ പത്തോ ഭൂവുടമകളുടെ സ്ഥലങ്ങൾ കൈയേറിയാണ് കുറ്റിയടിക്കലും റിബണ് കെട്ടലും പിന്നാലെ ജെണ്ടനിർമാണവും തുടരുന്നത്.
ജെണ്ട കെട്ടിയതുകൊണ്ട് അതെല്ലാം വനഭൂമിയാകില്ലെന്നും അതിർത്തി നിശ്ചയിച്ചിടുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം. സ്വന്തം ഭൂമിപോലെ കണ്ട് വിളവെടുക്കാമെന്നു പറയുന്ന വനംവകുപ്പ് അധികൃതർ ജെണ്ട കെട്ടി ആറുമാസമോ ഒരു വർഷമോ കഴിഞ്ഞാൽ പിന്നെ അതിർത്തി നിശ്ചയിച്ച് ജെണ്ട നിർമിച്ച ഭൂമിയിൽ കടന്നാൽ കർഷകർക്കെതിരേ കേസെടുത്ത് ദ്രോഹിക്കുന്ന നടപടികളും പിന്നാലെയുണ്ടാകും.
ജെണ്ട നിർമിച്ചാൽ അതിർ തുണികഴുകാനും അരകല്ല് വയ്ക്കാനും വാട്ടർടാങ്ക് സ്ഥാപിക്കാനുമൊക്കെ ഉപയോഗിക്കാമെന്ന് പറഞ്ഞ് വഞ്ചിച്ചാണ് മലയോര കർഷകരുടെ നാല്പതും അന്പതും വർഷമായുള്ള കൈവശഭൂമി പിടിച്ചെടുത്ത് കുടിയൊഴിപ്പിക്കുന്നത്. കാച്ച്മെന്റ് ഏരിയായുടെ അതിർത്തിക്കും വനഭൂമിക്കും ഇടയിൽ സ്വകാര്യ ഭൂമിയുണ്ടെന്നത് മനഃപൂർവം അവഗണിച്ചാണ് വനഭൂമിയുടെ അതിർത്തി സംബന്ധിച്ച വ്യക്തമായ രേഖ പോലുമില്ലാത്ത വനംവകുപ്പ് ഭൂമി പിടിച്ചെടുക്കൽ നടത്തുന്നതെന്ന് കർഷകർ പറയുന്നു.
ചെറുകിട കർഷകരെ ഭയപ്പെടുത്തി കുടിയിറക്കുന്ന വനംവകുപ്പ് പക്ഷേ ഇവിടത്തെ വൻകിടക്കാരെ തൊടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ചുറ്റും വനഭൂമിയുള്ള ഭൂമിപോലും സ്വകാര്യ ഭൂമിയാണെന്ന് സമർഥിക്കാൻ ശ്രമിക്കുന്ന വനംവകുപ്പ് എല്ലാ രേഖകളുമുള്ള കൈവശഭൂമി പിടിച്ചെടുക്കുന്നതിലെ വനസംരക്ഷണ കർഷകർക്ക് പിടികിട്ടുന്നില്ല.
തങ്ങളിൽനിന്നും ഒന്നും തിരിച്ചുകിട്ടില്ലെന്ന കണക്കുകൂട്ടലാകാം ചെറുകിട കർഷകരെ ഇത്തരത്തിൽ ദ്രോഹിക്കുന്നതിനു പിന്നിലല്ലെന്നാണ് ഈ കുടിയേറ്റക്കാരുടെ തിരിച്ചറിവ്.
കണ്ടത്തിൽ ജോസഫ്, ശങ്കരൻ, കൊച്ചുമണി, രാധാകൃഷ്ണൻ, ഫിലോമിന, തെക്കുംകരോട്ട് ജോണ്സണ്, ജോണി, മേരി, എൽസി വർഗീസ്, കരയാംപറന്പിൽ ലോനപ്പൻ, കളത്തിൽ വിജയപ്പൻ, നന്പ്യാമഠത്തിൽ ആഗസ്തി തുടങ്ങിയവരുടെ ഭൂമിയിലാണ് വനംവകുപ്പിന്റെ കൈയേറ്റം നടക്കുന്നത്. രാഷ്ട്രീയക്കാരെ കണ്ട് നടപടിക്കു പരിഹാരം കാണണമെന്നു പറയുന്ന വനംവകുപ്പിന്റെ വനസംരക്ഷണ പ്രവൃത്തികളിലെ ആത്മാർഥതയിലും കർഷകർക്ക് സംശയങ്ങളുണ്ട്.