വടക്കഞ്ചേരി: സംസ്ഥാനത്തിന്റെ ഒൗദ്യോഗികഫലമായി ചക്കയെ സർക്കാർ പ്രഖ്യാപിച്ചതിനു പിന്നാലെ ആദ്യചക്കപ്പഴ ഗ്രാമമാകാൻ മംഗലംഡാമിൽ ബൃഹദ്പദ്ധതികൾ ഒരുങ്ങുന്നു. മംഗലംഡാം സെന്റ് സേവിയേഴ്സ് ഫൊറോനാപള്ളിയുടെ നേതൃത്വത്തിലാണ് ഇതിനു തുടക്കംകുറിക്കുന്നത്.
മുണ്ടൂർ യുവക്ഷേത്ര കോളജിനോടു ചേർന്ന് അന്നം 2014, 2015 എന്നിങ്ങനെ ചക്കമഹോത്സവം നടത്തി ശ്രദ്ധേയനായ കോളജ് മുൻ ഡയറക്ടറും നിലവിൽ മംഗലംഡാം ഫൊറോനാവികാരിയുമായ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിലാണ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്.
ചക്കഗ്രാമം പദ്ധതിക്കു മുന്നോടിയായി ചക്കയുടെ മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനെക്കുറിച്ച് അടുത്തമാസം ഏഴിന് മംഗലംഡാം പള്ളിയിൽ പരിശീലന പരിപാടി നടത്തും.
പാലക്കാട് പീപ്പിൾസ് സർവീസ് സർവീസ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ഈ നൂതനസംരംഭം ആരംഭിക്കുന്നത്.വീട്ടുമുറ്റത്തും പറന്പിലും പാഴായിപോകുന്ന വാഴപഴങ്ങൾ, പേരയ്ക്ക, പപ്പായ, ചീര, മറ്റു പച്ചക്കറികൾ തുടങ്ങിയവയുടെ മൂല്യവർധിത ഉത്പന്ന നിർമാണത്തിലും പരിശീലനം നല്കുന്നുണ്ടെന്ന് ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ പറഞ്ഞു.
പരിശീലന ക്യാന്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 7907 934 212 എന്ന നന്പറിൽ നേരത്തെ പേർ രജിസ്റ്റർ ചെയ്യണം. ചക്കഗ്രാമം ഒരുക്കുന്നതിന്റെ ഭാഗമായി ഒരു ഏക്കറിലും രണ്ടേക്കറിലുമായി പ്ലാവിൻതോട്ടങ്ങൾ ഉണ്ടാക്കും. തമിഴ്നാട്ടിലെ ചിലയിടങ്ങളിൽ ഇങ്ങനെയുണ്ട്.
ഗുണമേന്മയുള്ള പ്ലാവിൻതൈകൾ ഇതിനായി ലഭ്യമാക്കും. ഗ്രാഫ്്റ്റ് തൈകളാണ് കർഷകർക്ക് വിതരണം ചെയ്യുക. വലിപ്പമുള്ള ചക്ക, നേരത്തെ കായ്ക്കുന്നവ തുടങ്ങിയ സവിശേഷതകളുള്ള പ്ലാവാണ് ബഡ് വുഡായി കണ്ടെത്തിയിട്ടുള്ളത്. ഇത്തരം പ്ലാവുകൾ ഡാമിൽ തന്നെയുണ്ട്.ഇടിചക്ക, പഴം എന്നിങ്ങനെ തരംതിരിച്ചാകും മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നത്.
പ്ലാവിൻതോട്ടങ്ങളിൽ ഇടവിളയായി മറ്റു കൃഷികൾ ചെയ്തും കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്യും. പ്ലാവ് തടിയിൽ കുരുമുളക്, കൃഷി തോട്ടത്തിൽ കിഴങ്ങുവർഗങ്ങൾ, ഏലം തുടങ്ങിയവയും കൃഷി ചെയ്യാനാകും. ആടുവളർത്തലിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തും. പ്ലാവ് നഴ്സറികൾക്കും സാധ്യതയുണ്ട്.
കാര്യമായ പരിചരണമില്ലാതെ താനേ വളർന്ന് ഫലങ്ങൾ പുറപ്പെടുവിക്കുന്ന വിളയെന്ന നിലയിൽ പ്ലാവുകൃഷി കർഷകനും ബാധ്യതയില്ലാതെ വരുമാനം ഉണ്ടാക്കാനാകും. ചക്കയുടെ മൂല്യവർധിത ഉത്പന്നങ്ങളായി നൂറോളം ഇനങ്ങൾ നിലവിലുണ്ട്.എല്ലാം കൊതിയൂറുന്ന രൂചികളുള്ളവ. ഐസ്ക്രീം മുതൽ ചക്കവരട്ടിവരെ എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. ചക്കക്കുരു പൊടി കൂട്ടി സ്വാദേറിയ പുട്ട്, ഉപ്പുമാവ് തുടങ്ങിയവ ഉണ്ടാക്കാനാകും.
മംഗലംഡാം വികസനസമിതി എന്ന പേരിൽ സൊസൈറ്റി രൂപീകരിച്ച് പദ്ധതി മുന്നോട്ടുകൊണ്ടു പോകുമെന്നും ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ പറഞ്ഞു.പതിനഞ്ചുവർഷംമുന്പ് വയനാട് ഉറവിലാണ് ആദ്യമായി ചക്കമഹോത്സവം സംഘടിപ്പിച്ച് ചക്കയുടെ പ്രധാന്യവും ചക്കയുടെ മൂല്യവർധിത ഉത്പന്നങ്ങളെക്കുറിച്ചുമെല്ലാം പുതിയ ചിന്തകളും പദ്ധതികളും രൂപംകൊണ്ടത്.
വിപണിയിലെ മായംകലർന്ന ഭക്ഷണസാധനങ്ങൾ കഴിക്കുന്നതുമൂലം ഉണ്ടാകുന്ന മാരകരോഗങ്ങൾ ഇല്ലാതാക്കാൻ ഇത്തരം പ്രകൃതിദത്ത വിളകൾക്ക് കഴിയും. പൂർണമായും ജൈവമായ ഫലമെന്ന നിലയിലും പഴങ്ങളിലെ ഈ ഭീമന് വലിയ സ്ഥാനമുണ്ട്. ചക്കഗ്രാമം പദ്ധതിക്ക് സർക്കാരിന്റെ പിന്തുണയും സഹായങ്ങളും കർഷകർ പ്രതീക്ഷിക്കുന്നുണ്ട്.