മംഗലംഡാം: മംഗലംഡാം റിസർവോയറിൽ ജലസംഭരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ചെളിനീക്കം ചെയ്യൽ പ്രവൃത്തികൾക്ക് ഓഗസ്റ്റ് മാസത്തിൽ ടെണ്ടർ വിളിക്കുമെന്ന് ജലവിഭവമന്ത്രി മാത്യു ടി.തോമസ്.ആലത്തൂർ, തരൂർ നിയോജകമണ്ഡലങ്ങളിൽപെടുന്ന വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണന്പ്ര എന്നീ നാലു പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്ന മംഗലംഡാം സ്രോതസായുള്ള സമഗ്ര കുടിവെള്ളപദ്ധതിയുടെ നിർമാണോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ ഡാമുകളിൽനിന്നും ചെളിനീക്കം ചെയ്യുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ള രണ്ടു ഡാമുകളാണ് മംഗലംഡാമും ചുള്ളിയാർ ഡാമും. രണ്ടു ഡാമുകളും പാലക്കാട് ജില്ലയിലാണെന്നതും ശ്രദ്ധേയമാണ്. 25.34 ദശലക്ഷം മീറ്റർ ക്യൂബ്ഡ് ആണ് മംഗലംഡാമിന്റെ ജലസംഭരണശേഷി. ഇതിൽനിന്നും ഒരു ദശലക്ഷം ക്യൂബ്ഡ് വെള്ളം കുടിവെള്ളത്തിനായി എടുത്താൽ മൂന്നുമാസത്തേക്കുള്ള കുടിവെള്ളമാകും.
കുടിവെള്ളപദ്ധതി വഴി കൃഷിക്ക് വെള്ളം കുറയുമെന്ന ആശങ്കവേണ്ടെന്നും മന്ത്രി പറഞ്ഞു. പുതുക്കോട്, തരൂർ, ആലത്തൂർ, ഏരിമയൂർ തുടങ്ങിയ പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കാനും മറ്റൊരു ബൃഹദ്പദ്ധതി കൂടി പരിഗണനയിലാണ്. വിപണിയിൽനിന്നും 20,000 രൂപയ്ക്ക് വാങ്ങുന്ന വെള്ളം വാട്ടർ അഥോറിറ്റി നല്കുന്നത് വെറും നാലുരൂപയ്ക്കാണെന്നും മന്ത്രി കണക്കുകൾ നിരത്തി പറഞ്ഞു.
കുടിവെള്ളം ദുരുപയോഗം ചെയ്യുന്നവർക്കെതിരേ നടപടി കർശനമാക്കും. ജലസ്രോതസുകൾ മലിനമാക്കുന്നതു തടയാൻ നിയമം കൊണ്ടുവന്നിട്ടുണ്ടെന്നും മൂന്നുവർഷംവരെ തടവും പിഴയും ലഭിക്കുന്ന കുറ്റമാണിതെന്നും മന്ത്രി ഓർമിപ്പിച്ചു.കേന്ദ്രസർക്കാർ റൂറൽ ഡ്രിങ്കിംഗ് വാട്ടർ എൻആർഡിഡബ്ല്യു പദ്ധതിയിലാണ് മംഗലംഡാം കുടിവെള്ളപദ്ധതി 2014ൽ വിഭാവനം ചെയ്തിരുന്നത്.
എന്നാൽ കേന്ദ്രസർക്കാർ ഈ സ്കീമിൽ ഫണ്ട് അനുവദിക്കാതെ വന്നപ്പോൾ സംസ്ഥാന സർക്കാർ പ്ലാൻഫണ്ടിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി എ.കെ.ബാലൻ പറഞ്ഞു. 95 കോടിയാണ് ഇപ്പോൾ പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. പദ്ധതി പൂർത്തീകരിക്കാൻ 40 കോടി കൂടി വേണ്ടിവരുമെന്നും മന്ത്രി ബാലൻ പറഞ്ഞു. കെ.ഡി.പ്രസേനൻ എംഎൽഎ സ്വാഗതം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി മുഖ്യാതിഥിയായി. മുൻമന്ത്രി കെ.ഇ.ഇസ്മയിൽ, മറ്റു ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളുമായ പി.വി.രാമകൃഷ്ണൻ, സി.കെ.ചാമുണ്ണി, അഡ്വ. വി.മുരുകദാസ്, സുമാവലി മോഹൻദാസ്, അനിത പോൾസണ്, കവിത മാധവൻ, ഡി.രജിമോൻ, സി.കെ.രാജേന്ദ്രൻ, സി.ടി.കൃഷ്ണൻ, എ.ഗീത ടീച്ചർ, ബിന്ദു സതീഷ്, ബിന്ദു സുബ്രൻ, കെ.ബാലൻ, എൻ.അമീർ, കെ.ആർ.ഗോപിനാഥ്, പി.അലിമാസ്റ്റർ, കെ.ശ്രീകുമാർ, കെ.എം.ഹരിദാസ്, പി.ഉണ്ണികൃഷ്ണൻ, എം.എസ്.ബേബി, ടി.രവീന്ദ്രൻ, ബാബു തോമസ് എന്നിവർ പ്രസംഗിച്ചു.