മംഗലംഡാം: മംഗലംഡാം റിസർവോയറിലെ മത്സ്യങ്ങൾക്ക് ഡിമാൻഡ് കൂടിയതോടെ ഈവർഷം ഡാമിൽ നിക്ഷേപിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ എണ്ണം വർധിപ്പിച്ചു. ഈവർഷം 30 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് റിസർവോയറിൽ നിക്ഷേപിക്കുന്നത്. ഇതിനായി മലന്പുഴയിൽനിന്നും മത്സ്യങ്ങളുടെ സ്പോണ് കൊണ്ടുവന്ന് പറശേരിയിലെ കോണ്ക്രീറ്റ് ടാങ്കുകളിൽ വളർത്തും.
നിശ്ചിത വളർച്ചയെത്തുന്പോൾ ഇവയെ റിസർവോയറിലേക്ക് വിടും. കട്ട്ള, രോഹു, മൃഗാല, സൈപ്രസ് തുടങ്ങിയ മത്സ്യക്കുഞ്ഞുങ്ങളെയാണ് ഡാമിൽ വളർത്തുന്നത്. കടൽമത്സ്യങ്ങൾ കേടുവരാതിരിക്കാൻ ഫോർമാലിൻപോലെയുള്ള മാരകവിഷവസ്തുക്കൾ ചേർക്കുന്നത് വ്യാപകമായതിനാൽ നാടൻമത്സ്യങ്ങൾക്ക് ആവശ്യക്കാർ കൂടി.
മറ്റു വളർത്തുമത്സ്യങ്ങളിൽനിന്നും വ്യത്യസ്തമായി മംഗലംഡാമിലെ മത്സ്യങ്ങൾക്ക് സ്വാദും ഗുണവും കൂടുതലാണെന്നും പറയുന്നു.ഒന്നരകിലോ മുതൽ പത്തും പതിനഞ്ചും കിലോവരെ തൂക്കംവരുന്ന കട്ട്ള കിട്ടാറുണ്ടെന്നു മത്സ്യതൊഴിലാളികൾ പറഞ്ഞു. കട്ട്ള മത്സ്യത്തിന് കിലോയ്ക്ക് 120 രൂപയ്ക്കാണ് വില. ഇതിനാൽ മത്സ്യം വാങ്ങാനായി അതിരാവിലെ തന്നെ വിദൂരസ്ഥലങ്ങളിൽ നിന്നുള്ളവർപോലും മംഗലംാമിലെത്തുന്നുണ്ട്.