മംഗലംഡാം: മംഗലംഡാമിലെ സർക്കാർ ഓഫീസുകളെല്ലാം അപകടഭീഷണിയിൽ. തപാൽ ഓഫീസ്, ജലസേചനവകുപ്പിന്റെ എഇ ഓഫീസ് തുടങ്ങിയവയാണ് ഏതുസമയവും നിലംപൊത്താവുന്ന സ്ഥിതിയിലുള്ളത്. തപാൽ ഓഫീസ് കെട്ടിടത്തിന്റെ ഒരുമുറി മാത്രമേ ഇനി വീഴാനുള്ളൂ.
കെട്ടിടത്തിന്റെ മറ്റിടങ്ങളെല്ലാം തകർന്നു. ഓടുമേഞ്ഞ മേൽക്കൂര എപ്പോൾ വേണമെങ്കിലും തകർന്നുവീഴാം. കത്തുകളും മറ്റു തപാൽ ഉരുപ്പടികളും മഴയിൽ നനയാതിരിക്കാൻ കെട്ടിടത്തിന്റെ മേൽക്കൂരയിൽ ടാർപോളിൻ കെട്ടിയിരിക്കുകയാണ്. കാറ്റും മഴയും ഒന്നിച്ചുവരുന്പോൾ ജീവനക്കാർക്ക് ആധിയേറും.
തപാൽ ഓഫീസ് സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറ്റാനുള്ള ഫണ്ടില്ലെന്നാണ് പറയുന്നത്.കെട്ടിടംവീണ് ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ മാത്രമേ ഇനി അധികാരികളും കണ്ണുതുറക്കൂ. സമീപത്തെ ഇറിഗേഷൻ ഓഫീസ് കെട്ടിടത്തിനും സമാനമായ ദൈന്യസ്ഥിതിയാണ്. കെട്ടിടത്തിന്റെ പിൻഭാഗം തകർന്നുവീണ് മരങ്ങളുടെ കേടുപാടുകൾ മേൽക്കൂരയിലാകെ പടർന്നു.