മംഗലംഡാം: അരനൂറ്റാണ്ടിനുശേഷം മംഗലംഡാമിൽ വീണ്ടും ദീപാലങ്കാരങ്ങൾ ഒരുങ്ങുന്നു. നടപ്പാതയിലെ പോസ്റ്റുകളിലെല്ലാം ലൈറ്റ് സ്ഥാപിക്കുന്ന നടപടിയാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. ഇതിനുള്ള പ്രവൃത്തികൾ തുടങ്ങി. 66 പോസ്റ്റുകളിൽ ലൈറ്റുകൾ തെളിയിക്കും.മംഗലംഡാമിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനായില്ലെങ്കിലും പരിമിതമായ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ഓണത്തോടുകൂടി കൂടുതൽ സഞ്ചാരികളെ ആകർഷിപ്പിക്കുന്നതിനുള്ള തയാറെടുപ്പുകളാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിൽ നടത്തുന്നത്.
കാന്റീൻ, വാഹന പാർക്കിംഗ്, വിശ്രമാലയങ്ങൾ, നടപ്പാത നവീകരണം, സ്റ്റേജ് നിർമാണം തുടങ്ങിയവ നടക്കുന്നുണ്ട്. 1956-ൽ മംഗലംഡാമിന്റെ നിർമാണം പൂർത്തിയാക്കുന്പോൾ മലന്പുഴ ഉദ്യാനത്തെ വെല്ലുന്ന മട്ടിലുള്ള ദീപാലങ്കാരങ്ങളും പൂന്തോട്ടങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. റിസർവോയറിന്റെ വൃഷ്ടിപ്രദേശങ്ങൾ കാണാനും അഴകേറെയായിരുന്നു.
മലന്പുഴയേക്കാൾ മനോഹരമായ മംഗലംഡാം കാണാൻ ഡാമിന്റെ തുടക്കകാലഘട്ടങ്ങളിൽ യാത്രാസൗകര്യങ്ങളുടെ ഇല്ലായ്മകളിലും ദൂരസ്ഥലങ്ങളിൽനിന്നുള്ളവർ ഒഴുകിയെത്തിയിരുന്നതായി പഴമക്കാർ ഓർക്കുന്നു.എന്നാൽ രണ്ടു പതിറ്റാണ്ടിനിടെ മംഗലംഡാം അവഗണനയുടെ ചുഴിയിൽപെട്ടു. പിന്നെ കരകയറാൻ കഴിഞ്ഞില്ല. പിന്നീട് 2008-ലാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ 462 ലക്ഷം രൂപ ഡാമിന്റെ ടൂറിസം വികസനപദ്ധതികൾക്കായി അനുവദിച്ചത്.
ഇതിൽ മൂന്നരക്കോടി രൂപയേ ചെലവഴിക്കാനായുള്ളൂ. ഒരുകോടി രൂപ പദ്ധതി പൂർത്തിയാക്കാതെ ലാപ്സായി.
ഉദ്യാനനവീകരണം എന്ന പേരിൽ 2018 മാർച്ചിൽ 476 ലക്ഷം രൂപയുടെ വർക്കുകൾ തുടങ്ങി. ഇതിന്റെ വർക്കുകൾക്ക് വേഗതയില്ലെങ്കിലും വെളിച്ചവും കുടിവെള്ളവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം ഒരുക്കിയാൽ അത്രയെങ്കിലും ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് ഡാമിലുള്ളവർ.
അഡ്വഞ്ചർ സ്പോർട്സ് ആൻഡ് കിഡ്സ് പാർക്ക്, റോപ്പ് വേ, റോക്കിംഗ് ബോട്ട്, ബാലൻസിംഗ് ബ്രിഡ്ജ് തുടങ്ങി അന്പതോളം ചെറുതും വലുതുമായ പദ്ധതികളാണ് പുതിയ ഫണ്ട് വഴി ചെയ്യാനുള്ളത്. ഒന്നരവർഷംകൊണ്ട് എല്ലാവർക്കുകളും പൂർത്തിയാക്കുമെന്നായിരുന്നു 16 മാസംമുന്പ് പദ്ധതികളുടെ നിർമാണോദ്ഘാടനത്തിൽ ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. എറണാകുളത്തെ വാപ്പ്കോസ് ലിമിറ്റഡ് എന്ന ഏജൻസിയാണ് വർക്കുകൾ നടത്തുന്നത്.