മംഗലംഡാം: ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളായ മലയോരങ്ങളിലും വനമേഖലയിലും കനത്തമഴ ലഭിച്ചതിനെത്തുടർന്ന് മംഗലംഡാമിലെ ജലനിരപ്പ് ഉയർന്നുതുടങ്ങി. 67. 720 മീറ്ററാണ് ഇന്നലത്തെ ഡാമിലെ ജലനിരപ്പ്. 77. 88 മീറ്ററാണ് മംഗലംഡാമിന്റെ പരമാവധി ജലസംഭരണശേഷി.
അതേസമയം കഴിഞ്ഞ വർഷം ഇതേദിവസം 70. 36 മീറ്ററായിരുന്നു ജലനിരപ്പ്. ജനുവരി ഒന്നുമുതൽ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 217 മില്ലീമീറ്റർ മഴയാണ് ഈ വർഷം ലഭിച്ചത്. കഴിഞ്ഞവർഷം ഇത് 236 എംഎം ആയിരുന്നു. ഈ വർഷം മെയ് മാസത്തിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 149 മില്ലിമീറ്റർ. പതിവിൽ നിന്നും വ്യത്യസ്ഥമായി ഈ വർഷം വൃഷ്ടി പ്രദേശത്ത് നല്ല മഴയാണ് ലഭിക്കുന്നത്. എന്നാൽ റിസർവോയർ ഭാഗങ്ങളിൽ മഴ കുറവാണ്.
മംഗലംഡാമിലേയ്ക്കുള്ള പ്രധാന നീരൊഴുക്കായ കടപ്പാറ തോട് വഴി ഡാമിലേയ്ക്ക് നീരൊഴുക്ക് തുടങ്ങിയിട്ടുണ്ട്. ഡാമിന്റെ വൃഷ്ടിപ്രദേശമായ മലമേഖലയിൽ വേനലിൽ തന്നെ മഴ ലഭിച്ച് നനവ് ഇറങ്ങുകയാണ്. ഇതിനാൽ കനത്ത കാലവർഷമുണ്ടായാൽ ഇക്കുറി ഉരുൾപൊട്ടൽ സാധ്യതകളും കൂടുമെന്നാണ് മലയോരവാസികളുടെ വിലയിരുത്തൽ.