മംഗലംഡാം: മംഗലംഡാമിൽനിന്നും ഫെബ്രുവരി 15 വരെ രണ്ടാംവിള നെൽകൃഷിക്കായി വെള്ളം വിടാനുണ്ടാകുമെന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ പറഞ്ഞു. 15നുശേഷവും രണ്ടോ മൂന്നോ ദിവസത്തേക്കുള്ള വെള്ളം സ്റ്റോറേജ് ഉണ്ടാകും. ആവശ്യമെന്നു കണ്ടാൽ ഈ വെള്ളവും തുറന്നുവിടും.
രണ്ടാംവിള കൃഷിക്കായി 76 ദിവസത്തേക്കുള്ള വെള്ളം ഉണ്ടാകുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇതു പാലിക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു. മഴക്കാലത്തുതന്നെ പരമാവധി സംഭരണശേഷിയിലായിരുന്നു മംഗലംഡാം. മണ്ണും ചെളിയും നിറഞ്ഞ് ഡാമിന്റെ സംഭരണശേഷി കുറഞ്ഞിട്ടുണ്ട്. ഇതിനാൽ അളവിൽ കാണുന്ന വെള്ളം ഒരുപക്ഷേ റിസർവോയറിൽ ഉണ്ടാകണമെന്നില്ല.
ഇടതു-വലതുകനാലുകളുടെ വാലറ്റങ്ങളിലേക്ക് കൃത്യമായ വെള്ളം എത്താത്തതിന്റെ പരാതികൾ ഇക്കുറിയും നിലനില്ക്കുന്നു. ഡാമിൽനിന്നും 22, 23 കിലോമീറ്റർ വരുന്നതാണ് കനാലുകളുടെ വാലറ്റ പാടശേഖരങ്ങൾ.കനാലുകൾ വേണ്ടവിധം വൃത്തിയാക്കാത്തതും ഇതുമൂലം വെളളത്തിന്റെ ശക്തി കുറയുന്നതും കനാലുകളുടെ തുടക്കത്തിൽതന്നെ ജലചൂഷണം നടക്കുന്നതും വാലറ്റ പാടങ്ങൾക്ക് ദോഷകരമാകുന്നുണ്ട്. ഡാമിലെ മണ്ണും മണലും നീക്കം ചെയ്യുന്ന പ്രവൃത്തികൾ അടുത്ത മഴക്കാലത്തോടെ ആരംഭിക്കാനാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും അധികൃതർ പറഞ്ഞു.