
മംഗലംഡാം: വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ മംഗലംഡാമിന്റെ ആറ് ഷട്ടറുകളും മുപ്പത്തഞ്ച് സെന്റിമീറ്റർ വീതം ഉയർത്തി.
ജലനിരപ്പ് ഉയർന്ന് തിങ്കളാഴ്ച മൂന്ന് ഷട്ടറുകൾ തുറന്നിരുന്നു. മലയോര മേഖലയിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് ഇന്നലെ രാവിലെ മുഴുവൻ ഷട്ടറുകളും തുറക്കുകയായിരുന്നു.
രാവിലെ അഞ്ച് സെന്റിമീറ്ററാണ് തുറന്നതെങ്കിലും ജലനിരപ്പ് കൂടിയതിനാൽ വൈകുന്നേരത്തോടു കൂടി 35 സെന്റിമീറ്റർ ആക്കുകയായിരുന്നു.77.88 മീറ്റർ പരമാവധി ജലനിരപ്പുള്ള മംഗലംഡാമിൽ 77.45 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്.
നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിൽ വെള്ളം വിടുന്നതിന്റെ അളവ് വർദ്ധിപ്പിക്കാൻ ഇനിയും സാധ്യതയുണ്ട്. പുഴയോരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. മംഗലം പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.