മംഗലംഡാം: മംഗലം ഡാമിന്റെ ഷട്ടറുകൾ തുറന്ന് ഇക്കുറി പുഴയിലേക്കു വെള്ളം വിട്ടത് തുടർച്ചയായ നാലര മാസക്കാലം. ഇതിന്റെ അളവ് കണക്കാക്കിയാൽ മറ്റൊരു ഡാം നിറയാനുള്ള വെള്ളമുണ്ടാകും. ജലനിരപ്പ് പരമാവധിയിലെത്തി കഴിഞ്ഞ ജൂലൈ 16നാണ് ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നത്.
പിന്നെ തുടർച്ചയായ മഴയിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തിയും താഴ്ത്തിയുമാണ് ഡാമിലെ വെള്ളം ക്രമീകരിക്കുന്നത്. ഡാമിന്റെ റൂൾ കർവ് മാനദണ്ഡം പാലിക്കാനുള്ള നിർദ്ദേശങ്ങളും പുഴയിലേക്കുള്ള ജലപ്രവാഹം കൂട്ടി.
പാടങ്ങളിലെല്ലാം വെള്ളം ഉള്ളതിനാൽ കനാലുകളിലേക്ക് വെള്ളം വിടാനും കഴിഞ്ഞില്ല. ഇപ്പോഴും മുഴുവൻ ഷട്ടറുകളും അടക്കാവുന്ന സ്ഥിതി ആയിട്ടില്ലെന്ന് ഇറിഗേഷൻ അധികൃതർ പറഞ്ഞു.
അടുത്ത ദിവസം മുതൽ കനാലുകളിലേക്ക് വെള്ളം തുറന്നാൽ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാനാകുമെന്ന പ്രതീക്ഷയാണ് അധികൃതർക്കുള്ളത്. ഇതിനിടെ പുതിയ ന്യൂനമർദ്ദ മഴയോ മറ്റോ ഉണ്ടായാൽ പുഴയിലേക്കു തന്നെ വെള്ളം തുറക്കേണ്ടി വരും.
ഡാമിനെ ഉൾക്കൊള്ളാൻ കഴിയാത്ത അത്ര മഴയാണ് വൃഷ്ടിപ്രദേശത്ത് ഓരോ വർഷവും ഉണ്ടാകുന്നത്. മണ്ണ് നികന്ന് ഡാമിന്റെ സംഭരണശേഷി ഗണ്യമായി കുറഞ്ഞതും മഴക്കാലങ്ങളിൽ ഏറെ മാസക്കാലം വെള്ളം പാഴാക്കി കളയേണ്ട സ്ഥിതി ഉണ്ടാകുന്നുണ്ട്.
ഡാമിലെ മണ്ണെടുക്കൽ വേഗത്തിലാക്കണം. അതോടൊപ്പം കുടിവെള്ള പദ്ധതിയും യാഥാർഥ്യമായാൽ ലഭിക്കുന്ന മഴവെള്ളം മുഴുവൻ പ്രയോജനപ്പെടുത്താൻ കഴിയും.